| Sunday, 25th October 2020, 1:17 pm

'വിജയ സാധ്യത നോക്കി വേണം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍'; മാണി സി. കാപ്പനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലാ എം.എല്‍.എയും എന്‍.സി.പി നേതാവുമായ മാണി സി. കാപ്പനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് പി. ജെ ജോസഫ്. മാണി സി. കാപ്പന്‍ വിഷയം ചര്‍ച്ചചെയ്‌തെന്ന സൂചനയും ജോസഫ് നല്‍കിയതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

‘മാണി സി. കാപ്പനെ സ്വാഗതം ചെയ്യുന്നു. പാലായില്‍ മാണി. സി കാപ്പന്‍ വിജയിക്കും എന്നുള്ളത് പൊതുവേയുള്ള അഭിപ്രായമാണ്. വിജയ സാധ്യത നോക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണം,’ പി. ജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍.ഡി.എഫിലേക്കെത്തിയതിന് പിന്നാലെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ മത്സരിക്കുക ജോസ് കെ. മാണിയോ മാണി സി. കാപ്പനോ എന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ജോസഫിന്റെ ക്ഷണം.

അതേസമയം ഇടതുപക്ഷത്തില്‍ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. പാലാ സീറ്റിന്റെ കാര്യത്തില്‍ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളതെന്നും കാപ്പന്‍ നേരത്തെ പറഞ്ഞിരുന്നു.

പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഘടക കക്ഷിയായി മാറിയെങ്കിലും പാലാ സീറ്റ് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല.

അതിനിടെ കഴിഞ്ഞ ദിവസം നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി മാണി സി. കാപ്പനെ സന്ദര്‍ശിച്ചതും ചര്‍ച്ചയായിരുന്നു.

എന്‍.ഡി.എയുമായി ഉടക്കിയിരിക്കുന്ന കേരള കോണ്‍ഗ്രസ് പി. സി തോമസ് വിഭാഗവുമായി ചര്‍ച്ച നടത്തിയ കാര്യം അറിയില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

പി. സി തോമസ് വിഭാഗത്തോട് ഉപാധികളില്ലാതെ യു.ഡി.എഫിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അത് അംഗീകരിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍.ഡി.എയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പി. സി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P J Joseph invites Mani C Kappan to UDF

We use cookies to give you the best possible experience. Learn more