എമേര്‍ജിങ് കേരളയുടെ ജനകീയ സമീപനം
Opinion
എമേര്‍ജിങ് കേരളയുടെ ജനകീയ സമീപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th September 2012, 2:29 pm

 


എസ്സേയ്‌സ്‌/പി.ജെ ജയിംസ്


pj james cpiml keralaകൃഷിയും വ്യവസായവുമടങ്ങുന്ന ഉത്പാദനമേഖലകള്‍ മുരടിക്കുമ്പോഴും ഊഹാപോഹമേഖലകള്‍ വികസിക്കുക വഴി മുമ്പേ തന്നെ ഒരു മാര്‍ക്കറ്റ് ആയിക്കഴിഞ്ഞിട്ടുള്ള കേരളത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ആക്കാനുള്ള നവഉദാരീകരണ നീക്കമാണ് എമേര്‍ജിങ് കേരള.[]

സാമൂഹ്യ നവോത്ഥാന പ്രസ്താനത്തിന്റെയും ഇടതുപക്ഷ കുത്തകകളുടേയും മുന്‍കാല പശ്ചാത്തലം നിമിത്തം 80കള്‍ വരെ മുതലാളിത്ത ലോകത്ത് നിന്ന ക്ഷേമരാഷ്ട്രത്തിന്റെ താരതമ്യേന മെച്ചപ്പെട്ട ഒരു പരിച്ഛേദം കേരളാ മോഡല്‍ എന്ന പേരില്‍ ഇവിടെ രൂപീകരിക്കുകയുണ്ടായി. ഭൂമി അടക്കമുള്ള ഉത്പാദനോപാദികളില്‍ നിന്നും ആട്ടിയകറ്റപ്പെട്ട ദളിതരും ആദിവാസികളുമടക്കമുള്ള മര്‍ദ്ദിത ജനവിഭാഗം പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന പ്രക്രിയ അനുസ്യൂതം തുടര്‍ന്നപ്പോഴും ഈ കേരളാ മോഡലിന്റെ ഗുണഭോക്താക്കളായി വിപുലമായ ഒരു മധ്യവര്‍ഗം ഇവിടെ വളര്‍ന്നുവന്നു.

ഇന്ത്യയിലേറ്റവും മെച്ചപ്പെട്ട പൊതു വിദ്യാഭ്യാസ പൊതുജനാരോഗ്യപൊതുവിതരണ സംവിധാനം എണ്‍പതുകള്‍ വരെ വളര്‍ന്നുവന്നതിനിടയില്‍ സംസ്ഥാന ജനസംഖ്യയുടെ 15 ശതമാനത്തോളം 26000ഓളം വരുന്ന കോളനികളില്‍ അടിഞ്ഞുകൂടുകയായിരുന്നു. മണ്ണില്‍ പണിയെടുത്തിരുന്ന അടിയാളര്‍ക്ക് ഭൂമി നിഷേധിക്കുകയും കൃഷിയില്‍ തത്പരരല്ലാതിരുന്ന ഉപരിമധ്യവര്‍ഗങ്ങളില്‍ കൃഷിഭൂമി നിക്ഷിപ്തമാക്കുകയും ചെയ്ത ഭൂപരിഷ്‌കരണത്തിന്റെ നിഷേധാത്മകഫലമെന്നോണം 1970-2010 കാലത്തും നെല്‍കൃഷി പ്രദേശം നാലിലൊന്നായി ചുരുങ്ങുകയും ആവശ്യമുള്ള ഭക്ഷ്യധാന്യത്തിന്റെ 85 ശതമാനവും പുറത്തുനിന്ന് കൊണ്ടുവരേണ്ടിവരികയും ചെയ്യുന്ന സ്ഥിതി സംജാതമായി.

ഭക്ഷണവും അവശ്യവസ്തുകളും മുതല്‍ ആഡംബര/സുഖഭോഗ ഉത്പന്നങ്ങള്‍ വരെ എല്ലാം പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയും ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുകയും അതുവഴി ഉത്പാദനവും ഉപഭോഗവും എതിര്‍ദിശയില്‍ നീങ്ങുന്ന അഥവാ അവ തമ്മിലുണ്ടാകേണ്ട ജൈവ ബന്ധം നഷ്ടമായ, ബാഹ്യവിപണികളെ ആശ്രയിക്കുന്ന ഒരു പുത്തന്‍ അധിനിവേശ സമൂഹമായി കേരളം മാറി. ഉത്പാദന മേഖലകളും തൊഴിലുമെല്ലാം തിരിച്ചടികള്‍ നേരിടുകയും ഊഹമേഖലകള്‍ അഭൂതപൂര്‍വ്വമായി വികസിക്കുകയും ചെയ്തതിലൂടെ സംസ്ഥാനത്തിന്റെ 43 ശതമാനവും ഒരു ശതമാനം വരുന്ന സമ്പന്ന വരേണ്യ വര്‍ഗത്തിന്റെ കയ്യില്‍ കേന്ദ്രീകരിക്കുകയും ഭൂമിയടക്കുമുള്ള സമ്പത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറുകയും ചെയ്തു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നവഉദാരീകരണം കെട്ടഴിച്ചുവിട്ട കോര്‍പ്പറേറ്റ്ഊഹമൂലധനാധിനിവേശത്തിലൂടെ ഈ പ്രക്രിയ കൂടുതല്‍ ഭീതിതമായ തലങ്ങളിലേക്കെത്തിക്കാനാണ് എമേര്‍ജിങ് കേരള ലക്ഷ്യമിടുന്നത്.

ആഗോളീകരണത്തിലൂടെ ഉദ്ഗ്രഥിതമായ കോര്‍പ്പറേറ്റ് കമ്പോളത്തില്‍ കേരളത്തെയാകെ ചുളുവിലക്ക് വില്‍പനക്ക് വെക്കുന്ന കൂട്ടിക്കൊടുപ്പ് പദ്ധതിയായ എമേര്‍ജിങ് കേരളയുടെ വിശദാംശങ്ങള്‍ ഇതിനോടകം പലയാവര്‍ത്തി ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇതിലൂടെ മുന്നോട്ട് വെക്കുന്ന പദ്ധതികളിലൊന്ന് പോലും (കൊച്ചി നഗരത്തോടനുബന്ധിച്ച് 10,000 ലധികം ഏക്കര്‍ ആവശ്യപ്പെടുന്ന പെട്രോ കെമിക്കല്‍ പദ്ധതിയും 10,000ലധികും ഏക്കര്‍ വേണ്ടിവരുന്ന നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനുഫാക്ചറിങ് സോണും വ്യവസായവുമായി ബന്ധമുണ്ടെന്ന് പറയാമെങ്കിലും ഇപ്പോഴത്തെ നിലയില്‍ അവ സാങ്കല്‍പ്പിക്ം മാത്രമാണ്) മേല്‍ സൂചിപ്പിച്ച ഒരു ശതമാനം വരുന്ന ഇവിടുത്തെ വരേണ്യ ന്യൂനപക്ഷവും കുറഞ്ഞ ചിലവില്‍ ഇവിടെ വന്ന് വ്യഭിചരിച്ചും മലിനപ്പെടുത്തിയും കടന്നുപോകുന്ന വിദേശികളും ഒഴിച്ചാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതാവശ്യവുമായി ബന്ധപ്പെട്ടതല്ല.

വിമാന ടിക്കറ്റിന് തുല്യമായ തുക യാത്രചെയ്യേണ്ടിവരുന്ന അതിവേഗ റയില്‍ ഇടനാഴിയും ഗോള്‍ഫ് കോഴ്‌സുകളും പാരാഗ്ലൈഡിങ്ങും ഹോട്ടയ എയര്‍ ബലൂണും ട്രക്കിങ്ങും പോലുളള സാഹസിക വിനോദം മുതല്‍ കാമകേളികള്‍ക്കുള്ള നിശാനൃത്തശാലകള്‍ വരെ ഏതെടുത്താലും പൊതു സമ്പത്ത് കൊള്ള ചെയ്ത് തടിച്ചുകൊഴുത്ത സാമൂഹ്യ വിരുദ്ധ ശക്തികളെ ലക്ഷ്യമിട്ടുള്ളതാണവയെന്ന് കാണാം. എമേര്‍ജിങ് കേരള വിഭാവനം ചെയ്യുന്ന 95 ശതമാനം പദ്ധതികളും നേരിട്ട് റിയല്‍ എസ്‌റ്റേറ്റ് വികസനവും കച്ചവടവും ലക്ഷ്യം വെക്കുന്നവയാണ്.

ലോകത്തേറ്റവും ജനസാന്ദ്രതയുള്ള ഇവിടെ ഇവ നടപ്പാകണമെങ്കില്‍ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത കുടിയൊഴിപ്പിക്കലിനും തണ്ണീര്‍തടങ്ങളുടെയും നീര്‍ച്ചാലുകളുടെയും അവശേഷിക്കുന്ന നെല്‍വയലുകളുടെയും തകര്‍ച്ചക്കും ഇടയാകാതെ തരമില്ല. ഇതിനും പുറമേയാണ് നെല്ലിയാമ്പതിയും വാഗമണും പോലുള്ള പൊതുഭൂമിയും ഭൂപരിഷ്‌കരണത്തില്‍ നിന്നൊഴിവായ തോട്ടങ്ങളുടെ അഞ്ച് ശതമാനം വരുന്ന 95,000 ഏക്കര്‍ ഭൂമിയും കോര്‍പ്പറേറ്റ് അധിനിവേശത്തിന് വിധേയമാകുക. ഇവിടെയെല്ലാം കെട്ടിപ്പൊക്കുന്ന ടൂറിസം മാഫിയ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന റോഡ് റെയില്‍ വിമാനത്താവളങ്ങളടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ പൊതു സ്വകാര്യ പങ്കാല്‍ത്തത്തിലോ ബി.ഒ.ടി അടിസ്ഥാനത്തിലോ ആകയാല്‍ ആത്യന്തികമായി അതിന്റെ ഭാരം പൊതു ഖജനാവിന്മേലോ ജനങ്ങളുടെ ചുമലിലോ ആണ് വന്ന് വീഴുക.

ഇപ്രകാരം ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും മനുഷ്യരുടെയും മേല്‍ ഈ മൂലധനത്തിന്റെ കൊള്ള ഉറപ്പാക്കും വിധം നിലവില്‍ പേരിനെങ്കിലുമുള്ള ഭൂപരിഷ്‌കരണനിയമവും ഭൂവിനിയോഗനിയമവും നെല്‍വയല്‍തണ്ണീര്‍തടപരിസ്ഥിതി വനസംരക്ഷണനിയമങ്ങളും സര്‍വോപരി തൊഴില്‍ നിയമങ്ങളും അട്ടിമറിച്ച് കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എമേര്‍ജിങ് കേരള സംഘടിപ്പിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.ഐ.എം നേതൃത്വത്തിന് എമേര്‍ജിങ് കേരളയുടെ സാമ്പത്തിക ദര്‍ശനത്തോട് മൗലികമായ വിയോജിപ്പുകളൊന്നുമില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.

എന്ന് മാത്രമല്ല, എമേര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചിട്ടുള്ള മിക്ക പദ്ധതികളും അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് മുന്നോട്ട് വെച്ചതാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലും ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയും പരിസ്ഥിതി വിനാശവുമടക്കം വിവരാണാതീതമായ അത്യാഗ്രഹത്തിന് കാരണമാകുന്നതെന്നും ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമുള്ളതുമായ അതിവേഗ റയില്‍ കോറിഡോര്‍ തന്നെ ഉദാഹരണം. ഈ പദ്ധതികളുടെ പ്രാഥമിക പഠനത്തിനായി 20 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചത് മുന്‍ എല്‍.ഡി.എഫ് ഭരണകാലത്താണ്. റെയില്‍ കോറിഡോറിന്റെ കാര്യത്തില്‍ തങ്ങള്‍ മുന്നോട്ട് വെച്ച അലൈന്‍മെന്റില്‍ നിന്ന് വ്യത്യസ്തമാണ് യു.ഡി.എഫിന്റേതെന്നും അതാണ് പ്രതിഷേധത്തിന് കാരണമെന്നുമാണ് തോമസ് ഐസക് പറയുന്നത്.

റിലയന്‍സിന്റെ ബിനാമിയായ കെ.ജി.എസ് ഗ്രൂപ്പിന് ആറന്മുള പഞ്ചായത്തടക്കം ഇല്ലതാക്കുന്ന 2000 കോടി രൂപയുടെ വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് അച്യുതാനന്ദന്‍ സര്‍ക്കാരാണ്. എന്തിനധികം, ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് ഭൂമാഫിയയെ പ്രോത്സാഹിപ്പിക്കാന്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വ്യവസായ വകുപ്പ് നടത്തിയ നീക്കങ്ങള്‍ കുപ്രസിദ്ധമാണ്. അതായത് ഇത്തരം പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്. ഒന്നുകൂടി വിശദമാക്കിയാല്‍, നവഉദാരീകരണത്തേയും കോര്‍പ്പറേറ്റ് വത്കരണത്തേയും വികസനമായി കാണുന്ന അതേ യു.ഡി.എഫ് നയം തന്നൊയണ്് എല്‍.ഡി.എഫിനുള്ളത്.

വാസ്തവത്തില്‍, വികസനത്തെ സംബന്ധിച്ച നയപരമായ കാര്യത്തില്‍ യു.ഡി.എഫില്‍ നിന്നും വ്യത്യസ്തമായ സമീപനമൊന്നും എല്‍.ഡി.എഫിന് ഇല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് എമേര്‍ജിങ് കേരളയെന്ന കൂട്ടിക്കൊടുപ്പിന് ഉമ്മന്‍ ചാണ്ടി ഭരണം തയ്യാറായിട്ടുള്ളത്. ചുരുക്കത്തില്‍, ഏതൊരു ബൂര്‍ഷ്വാ പാര്‍ലമെന്ററി പ്രതിപക്ഷത്ത് നിന്നും സ്വാഭാവികമായുണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറ്ം, പൂര്‍ണമായ നവ ഉദാരീകരണ പക്ഷത്തേക്ക് ചുവുടുമാറ്റം നടത്തിക്കഴിഞ്ഞ സി.പി.ഐ.എം ന്റെ എമേര്‍ജിങ് കേരളക്കെതിരായ എതിര്‍പ്പിന് ആഴത്തിലുള്ള ഒരു രാഷ്ട്രീയ മാനവുമില്ലെന്ന് വ്യക്തമാണ്.

യഥാര്‍ത്ഥത്തില്‍ പുത്തന്‍ അധിനിവേശത്തിനും കോര്‍പ്പറേറ്റ് ആധിപത്യത്തിനും കൂട്ടുപിടിക്കുന്ന ഭരണകൂടത്തിന്റെ സ്വഭാവവും രാഷ്ട്രീയാധികാരത്തിന്റെ പ്രശ്‌നവുമായി ബന്ധപ്പെടുത്തിക്കൂടി എമേര്‍ജിങ് കേരളയെ സമീപിക്കേണ്ടതുണ്ട്. കേന്ദ്രത്തിലെ ടെലികോം, കല്‍ക്കരി കുംഭകോണങ്ങളുടെ കാര്യത്തിലെന്ന പോലെ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യസമ്പത്ത് കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന “പിമ്പായി” സര്‍ക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് എമേര്‍ജിങ് കേരള. ഇതിലൂടെ മുന്നോട്ട് വെക്കപ്പെടുന്ന പദ്ധതികളോടുള്ള എതിര്‍പ്പ് നവ ഉദാരീകരണ നയങ്ങള്‍ക്കും അവക്കായി നിലകൊള്ളുന്ന കോര്‍പ്പറേറ്റ് “സഹായി”യായ ഭരണ സംവിധാനങ്ങള്‍ക്കുമെതിരായ സമരമായി വളരുന്നില്ലെങ്കില്‍ എമേര്‍ജിങ് കേരളകള്‍ ഇനിയും ആവര്‍ത്തിച്ച് കൊണ്ടിരിക്കും.

അഴിമതിയുടേയും സുതാര്യതയില്ലായ്മയുടെയും പരിസ്ഥിതി വിനാശത്തിന്റെയും മാത്രം പ്രശ്‌നമാക്കി എമേര്‍ജിങ് കേരളയെ എതിര്‍ക്കുന്നവര്‍ നവഉദാരീകരണ നയങ്ങളെയും അവയ്ക്ക് രൂപം നല്‍കുന്ന ഭരണകൂടത്തെയും അവഗണിച്ച് പദ്ധതി നടത്തിപ്പിലെ വൈകല്യങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരാണ്. ആഗോളീകരണകാലത്ത് ലോകമാകെ കണ്ടുവരുന്ന പ്രതിഭാസം ഇത്തരം പദ്ധതികള്‍ക്കെതിരായ സജീവമായ എന്‍.ജി.ഒ സാന്നിദ്ധ്യമാണ് ഭരണവ്യവസ്ഥയെയും കോര്‍പ്പറേറ്റ് ആഭിമുഖ്യമുള്ള രാഷ്ട്രീയാധികാരത്തെയും അവഗണിച്ച് “സൂക്ഷമ തലത്തില്‍” കേന്ദ്രീകരിക്കുന്ന ഇവ പലപ്പോഴും കണ്ടുവരുന്നത് പോലെ ആത്യന്തികമായി ജനകീയരോഷത്തെ പുനരധിവാസത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും വിഷയമാക്കി വ്യതിചലിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജനകീയ സമരങ്ങളുടെ സൂക്ഷ്മ തലത്തോടൊപ്പം നയരൂപീകരണത്തിന്റെ മണ്ഡലത്തെക്കൂടി കണക്കിലെടുക്കുകയും സമരങ്ങള്‍ നവഉദാരീകരണത്തിനെതിരായ രാഷ്ട്രീയ സമരമായി വളര്‍ത്തുകയും ചെയ്യുന്നതിലൂടെയേ ജനപക്ഷ പരിസ്ഥിതി വികസനത്തിന് വേണ്ടിയുള്ള പ്രക്ഷോഭം സാര്‍ത്ഥകമാകൂ.

എമേര്‍ജിങ് കേരള വിഭാവനം ചെയ്യുന്ന ഊഹ പ്രവര്‍ത്തനങ്ങളിലും റിയല്‍ എസ്‌റ്റേറ്റ് വികാസത്തിലും അധിഷ്ഠിതമായ മൂലധന സമാഹരണത്തിലേര്‍പ്പെടുകയും സ്ഥായിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വിശാല ജനവിഭാഗങ്ങളുടെ ക്രയശേഷി ഉയര്‍ത്തുന്ന ഉത്പാദന പ്രവര്‍ത്തനങ്ങള്‍ കയ്യൊഴിയുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് വത്ക്കരണത്തില്‍ കുത്തകകള്‍ കേന്ദ്രീകരിച്ചതിന്റെ ഫലമായിട്ടാണ് തിരിച്ചുപോക്കില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അമേരിക്കയും യൂറോപ്പുമെല്ലാം അകപ്പെട്ടിരിക്കുന്നതും.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടരുന്ന “സ്റ്റാഗ് ഫ്‌ളേഷന്‍” എന്നറിയപ്പെടുന്ന ഈ പ്രതിസന്ധി ആഗോളീകരണത്തിലൂടെ ലോകകമ്പോളവുമായി ഉദ്ഗ്രഥിച്ചതിന്റെ ഫലമായി ഇന്ത്യയയെയും അടിമപ്പെടുത്തിയിരുന്നു. തന്മൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 9 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തില്‍, തൊഴിലവസരങ്ങളും വിശാല ജനവിഭാഗങ്ങളുടെ വരുമാനവും വാങ്ങല്‍ കഴിവും വര്‍ധിപ്പിക്കുന്ന ഉത്പാദനങ്ങളിലേര്‍പ്പെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ജീര്‍ണിച്ച ഫിനാന്‍സ് ഊഹക്കുത്തകകളുടെ സവിശേഷ സ്വഭാവം നിമിത്തം കഴിയില്ല.

പെട്ടന്ന് ലാഭം കൊയ്യാവുന്ന ഊഹാമേഖലകള്‍ തേടി കോര്‍പ്പറേറ്റ് കുത്തകകള്‍ നെട്ടോട്ടമോടുകയാണ്. ഇവരുടെ ഇടനിലക്കാരായി നിന്ന് അവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നതാണ് വികസനമെന്നാണ് മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ ചാണ്ടിയും പറയുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ബ്യൂറോക്രാറ്റുകളും മോഹന്‍ ലാലിനെപ്പോലുള്ളവരെ ബ്രാന്റ് അംബാസിഡര്‍മാരാക്കി മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ കോടികള്‍ തുലച്ച് കേരളത്തെ വില്‍പനക്ക് വെക്കുന്ന റോഡ് ഷോകള്‍ നടത്തി അമേരിക്ക മുതല്‍ ചൈനവരെയുള്ള 52 രാജ്യങ്ങളില്‍ നിന്നുള്ള ബഹുരാഷ്ട്ര കുത്തകകളേയും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളേയും എമേര്‍ജിങ് കേരളയിലേക്ക് ക്ഷണിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

മധ്യവര്‍ഗ വ്യാമോഹങ്ങളെ മുതലാക്കിക്കൊണ്ടും ഉപരി വര്‍ഗത്തിലൂഞ്ഞിക്കൊണ്ടും മര്‍ദ്ദിത ജനവിഭാഗങ്ങളെ പുറംപോക്കുകളിലേക്ക് ആട്ടിപ്പായിച്ചും പാര്‍ശ്വവത്ക്കരിച്ചും അടിച്ചേല്‍പ്പിക്കുന്ന കോര്‍പ്പറേറ്റ് അജണ്ടയുടെ ലക്ഷ്യം ലോക കമ്പോളവുമായി മുമ്പേ ഉദ്ഗ്രഥിച്ചുകഴിഞ്ഞ കേരളത്തിന്റെ തനത് സാഹചര്യങ്ങളെ വിദഗ്ധമായി ഉപയോഗപ്പെടുത്തി ഉല്‍പാദനപരമായി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് കൂടി ഇല്ലാതാക്കി അതിനെ പൂര്‍ണമായും ഊഹമൂലധനത്തിന്റെ ഒരു “കാസിനോ” ആക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും അധിനിവേശത്തെ ചെറുക്കേണ്ടത് ജനപക്ഷത്ത് നില്‍ക്കുന്ന എല്ലാവരുടെയും ബാധ്യതയാണ്.

അതോടൊപ്പം ഈ കോര്‍പ്പറേറ്റ് കടന്നാക്രമണത്തിനെതിരെ വികസനത്തെ സംബന്ധിച്ച ഒരു ജനകീയ കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കാനും പുരോഗമനജനാധിപത്യ ശക്തികള്‍ ബാധ്യസ്ഥരാണ്. പ്രഥമുവും പ്രധാനവുമായി വേണ്ടത് ഭൂമിയടക്കുമുള്ള ഉത്പാദനോപാധികളുടെ മേലുള്ള സാമൂഹ്യനിയന്ത്രണമാണ്. കൊള്ളലാഭം മാത്രം ലക്ഷ്യമാക്കി കടന്നുവരുന്ന കോര്‍പ്പറേറ്റ് ഊഹമൂലധനത്തിനും മൂക്ക് കയറിടുകയും അതിന്റെ രാഷ്ട്രീയ ഉദ്യോഗസ്ഥ പിമ്പുകളെ നിലനിര്‍ത്തുകയുമാണ് അടിയന്തരമായിട്ടുള്ളത്. കോര്‍പ്പറേറ്റുവത്ക്കരണത്തേയും പുത്തന്‍ അധിനിവേശത്തെയും ശരിയും ശാസ്ത്രീയവുമായി വിശകലനം ചെയ്യുന്നതില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിപാടിയും അതിന്‍ പ്രകാരമുള്ള ജനകീയ മുന്നേറ്റവുമാണ് ഇതിനാവശ്യം.

തീര്‍ച്ചയായും കേരളത്തിന്റെ മാത്രം ഒരു പ്രശ്‌നമായി ഇതിനെ ചുരുക്കി കാണാനാവില്ല. ഇന്ത്യയിലാകമാനം വികസിച്ച് വരേണ്ട ഒരു ജനകീയ ജനാധിപത്യ പരിപാടിയുടെ ഭാഗമാണിത്. എല്ലാ അര്‍ത്ഥത്തിലും ജനപക്ഷത്ത് നില്‍ക്കുന്നതും പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്തുന്നതും ദളിത്, ആദിവാസി, സ്ത്രീകളടങ്ങുന്ന മര്‍ദ്ദിത വിഭാഗങ്ങളുടെ സവിശേഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതുമെല്ലാം അടങ്ങുന്ന ഒരു ജനകീയ വികസന ബദലാണ് ഉരുത്തിരിയേണ്ടത്.

കോര്‍പ്പറേറ്റ് ഊഹമൂലധനത്തിനും അതിന് പാദസേവ ചെയ്യുന്ന എല്ലായിനങ്ങളിലുംപെട്ട രാഷ്ട്രീയഉദ്യോഗസ്ഥ മേധാവിത്വ പിമ്പുകള്‍ക്കും മതജാതി ശക്തികള്‍ക്കും ആത്യന്തികമായി നവഉദാരീകരണ ഭരണവ്യവസ്ഥക്കുമെതിരെ ഒരു ജനകീയ രാഷ്ട്രീയ ബദല്‍ അപ്രകാരം വളര്‍ന്നുവരേണ്ടിയിരിക്കുന്നു. അതേസമയം, ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാമുള്ള പ്രത്യയശാസ്ത്ര സംവാദങ്ങളും ചര്‍ച്ചകളും വികസിക്കുന്നതോടൊപ്പം കോര്‍പ്പറേറ്റ് കടന്നാക്രമണത്തിനെതിരെ നാനാതലങ്ങളില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന വിശാല ജനവിഭാഗങ്ങളുടെ ഐക്യമാണ്. തീര്‍ച്ചയായും മുമ്പ് സൂചിപ്പിച്ചത് പോലെ സൂക്ഷ്മവും സ്ഥൂലവുമായ മണ്ഡലങ്ങളെ പരസ്പര ബന്ധിതമായി കൂട്ടിയിണക്കുന്ന ശരിയും ശാസ്ത്രീയവുമായ ഒരു രാഷ്ട്രീയ സമീപനം ഈ സമരങ്ങളുടെ ആത്യന്തിക വിജയത്തിന് അനുപേക്ഷണീയമാണ്.