കീഴ്‌ക്കോടതികളില്‍ മികച്ച രീതിയില്‍ വാദിച്ച് പ്രതിയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത കേസില്‍ സുപ്രീംകോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തെളിവുകള്‍ നിരത്താന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന് ഗീത ചോദിച്ചു.
കൊച്ചി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി നിരീക്ഷണം അത്ഭുതകരമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക പി. ഗീത.
കീഴ്‌ക്കോടതികളില്‍ മികച്ച രീതിയില്‍ വാദിച്ച് പ്രതിയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത കേസില്‍ സുപ്രീംകോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തെളിവുകള്‍ നിരത്താന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന് ഗീത ചോദിച്ചു.
എന്തുകൊണ്ട് കേസ് വ്യക്തമായി പഠിച്ചിരുന്ന പഴയ പ്രോസിക്യൂട്ടറെ നിയോഗിച്ചില്ലെന്ന് ആരാഞ്ഞ അവര്‍ ഇക്കാര്യത്തിലെ ദുരൂഹത നീക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
അതേസമയം കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തുവരണം എന്ന നിലയിലാണ് കോടതി നിരീക്ഷണമെങ്കില്‍ സ്വാഗതാര്‍ഹമാണെന്ന് പി. ഗീത പറഞ്ഞു. സൗമ്യ വധക്കേസില്‍ 10 ല്‍ ഒരു ശതമാനം വസ്തുത മാത്രമേ വെളിച്ചത്ത് വന്നിട്ടുള്ളൂ. ഇനിയും നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്.
ട്രെയിനില്‍ ഭിക്ഷക്കാരനായ ഗോവിന്ദചാമിയ്ക്ക് ആളൂരിനെപ്പോലുള്ള വമ്പന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് എങ്ങിനെ എന്നത് ഇന്നും ദുരൂഹമാണ്. സ്ത്രീപീഡനക്കേസുകളില്‍ കുറ്റവാളികള്‍ പോറലേല്‍ക്കാതെ രക്ഷപ്പെടുന്ന അവസ്ഥ ഈ കേസില്‍ ഉണ്ടാകരുതെന്നും പി ഗീത കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസില്‍ പ്രതിയുമായി ചേര്‍ന്ന് പ്രോസിക്യൂഷന്‍ ഗൂഢാലോചന നടത്തിയെന്നാണ് സൗമ്യയുടെ അമ്മ പ്രതികരിച്ചത്. ഗോവിന്ദച്ചാമിക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും പ്രോസിക്യൂഷന്‍ മൗനം പാലിച്ചുവെന്നും ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച സൗമ്യയുടെ മുടിയില്‍ കൂടുതലായി എന്തു തെളിവാണ് കോടതിക്ക് വേണ്ടതെന്നും സൗമ്യയുടെ മാതാവ് ചോദിച്ചു.
ഒരു പെണ്‍കുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയതിന് ശേഷം തെളിവ് ചോദിക്കുന്ന നീതി തനിക്ക് മനസിലാകുന്നില്ലെന്നും സൗമ്യയുടെ മാതാവ് പ്രതികരിച്ചിരുന്നു.
സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്നായിരുന്നു പ്രോസിക്യൂഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.