ഇത്തരം പോലീസുദ്യോഗസ്ഥരെ അന്വേഷണ വിധേയമായി അല്‍പ്പകാലത്തേക്കെങ്കിലും സസ്‌പെന്റുചെയ്യാനുള്ള നീതിബോധം പോലും ആഭ്യന്തര വകുപ്പിനില്ലാതെ പോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മലപ്പുറം: മകളെ ശല്യപ്പെടുത്തുന്നുവെന്ന പരാതി മുക്കിയ എ.എസ്.ഐയുടെ പേര് പരാമര്‍ശിച്ച് ആത്മഹത്യ ചെയ്ത ആലപ്പുഴ സ്വദേശി കൃഷ്ണകുമാറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഡോ. പി. ഗീത രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ അവര്‍ രൂക്ഷ വിമര്‍ശനവും ഉന്നയിക്കുന്നു.
രോഹിത് വെമുല കേരളത്തിലാണ് ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ അതൊരു വാര്‍ത്ത പോലും ആകില്ലായിരുന്നു എന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലാണ് കൃഷ്ണ കുമാറിന്റെ ആത്മഹത്യ നമ്മളെ എത്തിക്കുന്നത്. ഒരു സംശയവുമില്ല, അതൊരു വ്യക്തിപരമായ സ്വകാര്യ സംഭവമേ അല്ല. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പെന്നത് വ്യക്തമാണെന്നും ഗീത പറഞ്ഞു.
എന്താണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? അദ്ദേഹം നല്‍കിയ പരാതിയിന്മേല്‍ ഒരു നടപടിയും ഈ നിമിഷം വരെ സ്വീകരിച്ചതായറിയില്ല. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ പൊലീസുദ്യോഗസ്ഥനെ ഏതാനും കിലോമീറ്റുകള്‍ മാത്രം ദൂരെയുള്ള ഒരിടത്തേക്ക് സ്ഥലംമാറ്റിയതാണ് ശിക്ഷാ നടപടി. ഇതാണ് ഡി.ജി.പി പരസ്യമായി വാഗ്ദാനം ചെയ്ത നടപടിയെന്നും പി. ഗീത വിമര്‍ശിച്ചു.
ജിഷയുടെ കാര്യത്തിലും ഇതു തന്നെയായിരുന്നു സംഭവിച്ചത് പോലീസുകാരനെ സുരക്ഷിതനായി സ്ഥലം മാറ്റിക്കൊടുത്തു.. ഇത്തരം പോലീസുദ്യോഗസ്ഥരെ അന്വേഷണ വിധേയമായി അല്‍പ്പകാലത്തേക്കെങ്കിലും സസ്‌പെന്റുചെയ്യാനുള്ള നീതിബോധം പോലും ആഭ്യന്തര വകുപ്പിനില്ലാതെ പോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ആരോപണ വിധേയനായ എ.എസ്.ഐ കുഞ്ഞുമോനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസിലെ നിര്‍ണായക തെളിവ് മുഖ്യമന്ത്രിക്ക് കൃഷ്ണകുമാറെഴുതിയ ആത്മഹത്യാക്കുറിപ്പുകള്‍ ആണ്. അത് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്നാണ് പറയുന്നതെന്നും ഗീത കൂട്ടിച്ചേര്‍ത്തു.
അതേ സമയം യഥാര്‍ഥ കുറിപ്പുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസിലുണ്ടെന്നും ഗീത കുറിച്ചു. തങ്ങള്‍ അതു കൈമാറാത്തത് പോലീസ് ആവശ്യപ്പെടാത്തതുകൊണ്ടാണെന്ന് പ്രസ്തുത കക്ഷിയുടെ പ്രാദേശിക നേതാക്കള്‍ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കോട്ടപ്പള്ളി അംഗന്‍വാടിക്കു സമീപമുള്ള ഉണ്ണി എന്ന ആള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതായാണ് കൃഷ്ണ കുമാറിന്റെ പരാതി. ഇതില്‍ പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് മാത്രമല്ല, മകനെ മര്‍ദ്ദിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നും കൃഷ്ണ കുമാറിന്റെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗീത പറയുന്നു.
അതു ചെയ്ത എ.എസ്.ഐയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചു കൊണ്ട് ഇതുപോലുള്ളവര്‍ സര്‍വ്വീസില്‍ ഇരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയുമുണ്ടാകില്ലെന്ന് കൃഷ്ണകുമാര്‍ എഴുതി. ഈ ആത്മഹത്യാക്കുറിപ്പ് എങ്ങനെയാണ് ഒരു പാര്‍ട്ടി ഓഫീസില്‍ എത്താനും അവരത് അവിടെ പിടിച്ചു വെക്കാനും ഇടയായതെന്നും ഗീത ചോദിക്കുന്നു.
ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഓഫീസിലാണ് ആ കത്തുള്ളതെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ എത്രമാത്രം ഗുരുതരമാണ് കാര്യങ്ങള്‍ എന്നു വ്യക്തമാണ്. പ്രതിപക്ഷമില്ലാത്ത ഒരു നാട്ടിലെ സിവില്‍ സമൂഹത്തിന് ഇക്കാര്യത്തില്‍ അധിക ബാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എത്രയും വേഗം കത്ത് മുഖ്യമന്ത്രിക്ക് എത്തണം. അത് പാര്‍ട്ടി ഓഫീസ് വഴിയല്ല, ഔദ്യോഗികമായിത്തന്നെയാണ് എത്തേണ്ടത്.
എ.എസ്.ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്യുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ പൊലീസ് അനാസ്ഥയില്‍ സഹികെട്ട് ജീവനൊടുക്കിയത്. അഞ്ച് ദിവസം മുമ്പ് തന്റെ ഭാര്യയും മകളും നല്‍കിയ പരാതിയില്‍മേല്‍ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്.ഐ കുഞ്ഞുമോന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ കൃഷ്ണകുമാര്‍ കുറിച്ചിരുന്നു. കേസെടുക്കാന്‍ ഭാര്യയില്‍ നിന്നും എ.എസ്.ഐ പണം വാങ്ങിയിരുന്നുതായും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു.