ന്യൂദല്‍ഹി: ബീഹാറിലെ തോല്‍വിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം. സഖ്യത്തിന് ഏറ്റ തോല്‍വിയെക്കാളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാഴ്ചവെച്ച മോശം പ്രകടനമാണ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍വി തുടരുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചു.
‘ഞങ്ങള്‍ വിധി അംഗീകരിക്കുന്നു. ബീഹാറിലെ പ്രകടനത്തില്‍ ഞങ്ങള്‍ നിരാശരാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സി.ഡ.ബ്ല്യു.സി) ഇത് കൃത്യമായി അവലോകനം ചെയ്യുകയും ഞങ്ങളുടെ നിലപാടിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തുകയും ചെയ്യും”, ചിദംബരം പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബീഹാറില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയെന്ന് ഏറ്റ് പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ആര്‍.ജെ.ഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അത്ര മികച്ച രീതിയില്‍ തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ലെന്നും അവരെപ്പോലെ ഞങ്ങള്‍ക്കും സീറ്റുകള്‍ നേടാനായിരുന്നെങ്കില്‍ ബീഹാറില്‍ മഹാസഖ്യം അധികാരമേല്‍ക്കുമായിരന്നെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ തീര്‍ന്നത്.
75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.
2015ല്‍ 71 സീറ്റുകളാണ് ജെ.ഡി.യു നേടിയിരുന്നത്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സി.പി.ഐ(എം.എല്‍) 11 സീറ്റ് നേടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: P Chithambaram On defeat un Bihar