കുറ്റാരോപണത്തിനും ചാര്‍ജ് ഷീറ്റിനും ഇടയില്‍ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ദല്‍ഹി പൊലീസ് മറന്നോ? യെച്ചൂരിക്ക് പിന്തുണയുമായി പി.ചിദംബരം
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
ദല്‍ഹി കലാപ കേസില്‍ അനുബന്ധ കുറ്റപത്രത്തില്‍ സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവരുടെ പേരുള്‍പ്പെടുത്തിയ ദല്‍ഹി പൊലീസ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ പരിഹസിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
”കുറ്റാരോപണത്തിനും ചാര്‍ജ് ഷീറ്റിനും ഇടയില്‍ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ദല്‍ഹി പൊലീസ് മറന്നോ?” എന്നും
ചിദംബരം ചോദിച്ചു.
ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ദല്‍ഹി പൊലീസ് രംഗത്തെത്തിയിരുന്നു.
കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റംചുമത്താനാകില്ല. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നാണ് വാര്‍ത്തകള്‍ക്ക് പിന്നാലെ പൊലീസ് വക്താവ് പ്രതികരിച്ചത്. വിഷയം നിലവില്‍ കോടതിയുടെ പരഗണനയിലാണെന്നുമാണ് പൊലീസ് പറഞ്ഞത്.
ശനിയാഴ്ചയാണ് ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ഡി.യു പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ
ദല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രം ചുമത്തിയത്.
പൊലീസിന്റെ നടപടിക്കെതിരെ നേരത്തെ സീതാറാം യെച്ചൂരിയും പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രംഗത്തുവന്നിരുന്നു.
ബി.ജെ.പിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തല്‍ സി.എ.എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയില്ലെന്നാണ് യെച്ചൂരി പ്രതികരിച്ചത്.
ജാതി, നിറം, മതം, പ്രദേശം, ലിംഗഭേദം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല നമ്മുടെ കടമയാണെന്നും തങ്ങളത് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപത്തിന് പ്രേരിപ്പിച്ചെന്ന് പറയുന്ന തന്റ പ്രസംഗത്തിലെ ഒരുവരിയെങ്കിലും എന്തുകൊണ്ടാണ് പൊലീസ് എടുത്തുപറയാത്തതെന്നായിരുന്നു യോഗേന്ദ്ര യാദവ് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക