| Sunday, 7th August 2022, 2:56 pm

രാജ്യത്ത് ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു: പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയോ അധികാരത്തിന് കീഴില്‍ കൊണ്ടുവരുികയോ ചെയ്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ലമെന്റ് പ്രവര്‍ത്തന രഹിതമായിരിക്കുന്നു എന്ന നിഗമനത്തിലേക്കാണ് താന്‍ നീങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിളിച്ചുവരുത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കറുപ്പ് വസ്ത്രം ധരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ രാമഭക്തരോടുള്ള അപമാനമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. ഇതിനേയും പി. ചിദംബരം എതിര്‍ത്തു.

‘പ്രതിഷേധത്തിന്റെ തീയതി പ്രഖ്യാപിക്കുമ്പോള്‍ അങ്ങനെ രാമഭക്തരോട് ബന്ധമുള്ള ദിവസമാണോ ആഗസ്റ്റ് അഞ്ച് എന്നൊന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ 2019ലെ ഒരു ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് എന്ന കാര്യം ഓര്‍ത്തിരുന്നു. എന്നുകരുതി ജനങ്ങള്‍ നേരിടുന്ന വലിയൊരു പ്രയാസത്തിനെതിരെ നടത്തുന്ന വലിയ പ്രതിഷേധത്തില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു,’ ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് രാജ്യവ്യാപക സമരം നടത്തിയത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള എം.പിമാരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.

‘ഇതുവരെ, കോണ്‍ഗ്രസ് സാധാരണ വേഷത്തിലാണ് പ്രതിഷേധിച്ചിരുന്നത്, എന്നാല്‍ ഇന്ന് അവര്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ഇത് രാമഭക്തര്‍ക്ക് അപമാനമാണ്. രാമജന്മഭൂമിയുടെ നിര്‍മാണത്തിന് തുടക്കം കുറിക്കുന്ന ഇന്നത്തെ ദിവസം തന്നെ അവര്‍ കറുത്ത വസ്ത്രം ധരിക്കാന്‍ തെരഞ്ഞെടുത്തത് മറ്റ് ഉദ്ദേശങ്ങളോടു കൂടിയാണ്,’ യോഗി ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയുടെ വിശ്വാസത്തെ അപമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും അവഹേളിക്കുന്നതിനൊപ്പം അയോധ്യാ ദിവസിനെയും അപമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും യോഗി പറഞ്ഞു.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

അതേസമയം ബി.ജെ.പിയുടെ വിവാദ പ്രസ്താവനകള്‍ വന്നതിന് പിന്നാലെ ഇകിനെ തള്ളിക്കൊണ്ട് പാര്‍ട്ടി നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ പരാമര്‍ശം ധ്രുവീകരണ ശ്രമമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

വിലക്കയറ്റത്തിനെതിരായി നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനും വ്യതിചലിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകളിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രോഗമുള്ള മനസ്സിന് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയൂവെന്നും കോണ്‍ഗ്രസ് പറഞ്ഞു.

‘എന്തെങ്കിലും രോഗമുള്ള മനസ്സിനേ ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കൂ. ഏതായാലും പ്രതിഷേധം കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് മനസിലായി,’ കോണ്‍ഗ്രസ് സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Content Highlight: P. Chitambaram says that democracy in india is suffocating

We use cookies to give you the best possible experience. Learn more