ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ പ്രകടനത്തില്‍ കാര്യമായ കുറവുണ്ടായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 300ലധികം സീറ്റുകള്‍ നേടിയിരുന്നു. ചെറിയ ശതമാനം ഭൂരിപക്ഷത്തിന്റെ കുറവ് കാരണമാണ് മഹാസഖ്യം ബീഹാറില്‍ പരാജയപ്പെട്ടത്. ബീഹാറില്‍ എട്ട് സീറ്റ് കൂടി ലഭിച്ചിരുന്നെങ്കില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായേനെ, അദ്ദേഹം പറഞ്ഞു.
നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ചിദംബരം രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ലെന്നും ദുര്‍ബലമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ആശങ്കയിലാണ്. പാര്‍ട്ടി സാന്നിദ്ധ്യം ഇല്ലാതായി എന്നോ അല്ലെങ്കില്‍ ദുര്‍ബലമാക്കപ്പെട്ടെന്നോ ആണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്’, അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും വിജയത്തോട് വളരെ അടുത്ത് നിന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ തോറ്റത് എന്ന വിഷയം സമഗ്രമായ അവലോകനം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘ബീഹാറില്‍ സംഘടനാ ബലമനുസരിച്ചല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 20 വര്‍ഷമായി ബി.ജെ.പിയോ സഖ്യകക്ഷികളോ വിജയിച്ച 25 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കുറഞ്ഞത് 45 സീറ്റിലേക്കെങ്കിലും പാര്‍ട്ടി മത്സരിക്കേണ്ടതായിരുന്നു’, ചിദംബരം കൂട്ടിച്ചേര്‍ത്തു.