| Saturday, 8th June 2024, 9:06 am

കോൺഗ്രസ്‌ ഇ.വി.എമ്മുകളെ നിരസിക്കുന്നില്ല, അതല്ല പാർട്ടി നിലപാട്: പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ തങ്ങളുടെ പാർട്ടി നിരസിച്ചിട്ടില്ലെന്നും വിവിപാറ്റ് മെച്ചപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. താൻ ഒരിക്കലും ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.വി.എമ്മുകളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ മൗനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തെ പറ്റിയുള്ള ചോദ്യത്തിന്, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ തങ്ങൾ ഇ.വി.എമ്മുകൾ നിരസിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞു.

‘ ദയവായി മാനിഫെസ്റ്റോ വായിക്കുക, ഞങ്ങൾ പറയുന്നത് എന്തെന്നാൽ, വിവിപാറ്റ് സ്ലിപ്പ് വായിക്കാൻ വേണ്ടി ഏകദേശം 4-5 സെക്കന്റ് പ്രദർശിപ്പിക്കും, തുടർന്ന് സ്ലിപ്പ് ബോക്സിനുള്ളിൽ വീഴും. ഇത് കുറച്ചുകൂടെ മെച്ചപ്പെടണം എന്നാണ് മാനിഫെസ്റ്റോയിൽ ഞങ്ങൾ പറയുന്നത്,’ചിദംബരം പറഞ്ഞു.

‘വിവിപാറ്റ് ബോക്സിനുള്ളിൽ സ്ലിപ്പ് സ്വയമേവ വീഴുന്നതിനുപകരം, വോട്ടർക്ക് അത് സ്വീകരിക്കാനും കാണാനും തുടർന്ന് ബോക്സ് നിക്ഷേപിക്കാനും കഴിയണം. ഈ മാറ്റം കൊണ്ടുവന്നാൽ ഇ.വി.എം – വിവിപാറ്റ് സംവിധാനത്തെക്കുറിച്ച് ആർക്കും സംശയമുണ്ടാവില്ല,’അദ്ദേഹം പറഞ്ഞു.

പത്തിൽ നാല് പേരും ഇ.വി.എമ്മുകളെ സംശയിക്കുന്നവരാണെന്നും ഈ സംശയം ന്യായമാണോ അല്ലയോ എന്ന് താൻ പറയുന്നില്ലെന്നും എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഇ.വി.എമ്മുകളെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു. ഇ.വി.എം സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയും പരിഷ്കരിക്കുകയും ചെയ്യുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ നിലപടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ‘ഒന്നോ രണ്ടോ ആളുകൾ ഇ.വി.എം സംവിധാനത്തെ എതിർക്കുന്നു എന്നത് ഞാൻ നിഷേധിക്കുന്നില്ല, എന്നാൽ അത് പാർട്ടിയുടെ നിലപാടല്ല,’അദ്ദേഹം പറഞ്ഞു.

ദൽഹിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെയും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ( എൻ. ഡി. എ ) നേതാക്കളെയും അഭിസംബോധന ചെയ്‌തുകൊണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം ഇവിഎമ്മുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സംശയിക്കുന്ന പ്രതിപക്ഷ ഇന്ത്യൻ ബ്ലോക്ക്‌ നേതാക്കളെ മോദി പരിഹസിച്ചിരുന്നു.

Content Highlight:  P.Chidhambaram Says Congress does not reject EVMs, that is not the party’s stand

We use cookies to give you the best possible experience. Learn more