'ജനങ്ങൾക്ക് മറവിരോഗമാണെന്ന് കരുതരുത്': മോദിയെ രൂക്ഷമായി വിമർശിച്ച് പി. ചിദംബരം
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ്‍ നേതാവ് പി. ചിദംബരം. ജനങ്ങൾ മറവിരോഗം ബാധിച്ച വിഡ്ഢികളാണ് എന്നാണോ മോദി കരുതുന്നതെന്ന് ചിദംബരം ചോദിച്ചു. മോദിയുടെ ജാതിയെക്കുറിച്ചും ചായക്കടക്കാരന്‍ ആണെന്നുള്ള പരാമർശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ചിദംബരം പ്രതികരിച്ചത്.
ദിവസങ്ങൾക്ക് മുൻപ്, ഉത്തര്‍പ്രദേശിലെ കനൗജില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ താൻ ജാതി രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മോദി പറഞ്ഞിരുന്നു. ഇത് എടുത്തുപറഞ്ഞുകൊണ്ടാണ് ജാതിപറഞ്ഞ് ഒ.ബി.സി. ആണെന്ന് കാണിച്ച് വോട്ട് വാങ്ങിയയാളാണ് മോദിയെന്ന് ചിദംബരം വിമര്‍ശിച്ചത്. അങ്ങനെ ചെയ്തൊരാൾ ഇപ്പോൾ തനിക്ക് ജാതി ഇല്ലെന്ന് പറയുന്നതെന്നും അദ്ദേഹം ട്വീറ്ററിലൂടെ പരിഹസിച്ചു.
‘2014ന് ശേഷം ചായക്കടക്കാരന്‍ ആയിരുന്ന തന്നെ തെഞ്ഞെടുത്തതിലുള്ള നന്ദിയും ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ മോദി പറയുന്നത് ചായക്കടക്കാരന്‍ ആണെന്നത് എവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ്. എന്താണ് പ്രധാനമന്ത്രി നമ്മളെക്കുറിച്ച് വിചാരിക്കുന്നത്? മറവിരോഗം ബാധിച്ച ഒരുകൂട്ടം വിഡ്ഢികളാണോ നമ്മള്‍?’. ചിദംബരം ചോദിച്ചു.
‘എതിരാളികള്‍ എന്നെ അധിക്ഷേപിക്കുംവരെ രാജ്യത്തുള്ളവര്‍ക്ക് എന്റെ ജാതി അറിയില്ലായിരുന്നു. എന്റെ ജാതി ചര്‍ച്ചയാക്കുന്നതിന് മായാവതിജിക്കും അഖിലേഷ് ജിക്കും കോണ്‍ഗ്രസുകാര്‍ക്കും നന്ദി. പിന്നാക്ക സമുദായത്തില്‍ ജനിക്കുന്നത് രാജ്യത്തെ സേവിക്കാനുള്ള അവസരമായി ഞാന്‍ കാണുന്നു.’ എന്നായിരുന്നു ഉത്തര്‍പ്രദേശിലെ കാനൂജില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.
തന്റെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും മോദി കനൗജിൽ നടന്ന റാലിയിൽ അപേക്ഷിച്ചിരുന്നു.