ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ തങ്ങള്‍ തോറ്റുപോയെന്ന പരോക്ഷ സന്ദേശമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ രാജി സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുമ്പായി 11 കേന്ദ്രമന്ത്രിമാര്‍ രാജിവെച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്ന കുറ്റസമ്മതമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ രാജിയില്‍ നിന്ന് വ്യക്തമാകുന്നത്,’ പി. ചിദംബരം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനസംഘടനാ പ്രഖ്യാപനം. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ.
ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.
മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നായിരിക്കും. പുതിയ മന്ത്രിസഭയിലെ ശരാശരി പ്രായം 58 വയസ്സായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 61 വയസ്സായിരുന്നു.
അതേസമയം കേന്ദ്രത്തിന്റെ പുനസംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. രണ്ട് പേര്‍ മാത്രം ഭരണയന്ത്രം തിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിന്നെന്തിനാണ് ഈ പുനസംഘടനയെന്നുമാണ് ഭൂഷണ്‍ ചോദിച്ചത്.