ന്യൂദല്‍ഹി: ബാങ്കിംഗ് മേഖലയിലേക്ക് ഇന്ത്യയിലെ ബിസിനസ് ഗ്രൂപ്പുകളെ ക്ഷണിക്കുന്ന റിസര്‍വ് ബാങ്ക് നയത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം. അപകടകരമായ അജണ്ടയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.
ബാങ്കിംഗ് ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കാനുള്ള വമ്പന്‍ ഗെയിമിന്റെ ഭാഗമാണിത്. ഈ നയം നടപ്പിലായാല്‍, രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ സിംഹഭാഗവും കോര്‍പ്പറേറ്റുകളുടെ കൈയ്യിലിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ് മേഖലയിലെ മൊത്തം നിക്ഷേപം 140 ലക്ഷം കോടിയാണ്. ബിസിനസ് ഗ്രൂപ്പുകളെ ബാങ്കുകള്‍ സ്വന്തമാക്കാന്‍ അനുവദിച്ചാല്‍ അവര്‍ ചെറിയ ഓഹരി നിക്ഷേപത്തോടെ രാജ്യത്തെ വന്‍ സാമ്പത്തിക സ്രോതസ്സുകളെ നിയന്ത്രിയ്ക്കുന്ന അവസ്ഥ വരും, ചിദംബരം പറഞ്ഞു.
ഇന്ത്യയിലെ ചില ബിസിനസ് ഗ്രൂപ്പുകളുടെ ലാഭത്തിനും അവരുടെ അഭിലാഷം നിറവേറ്റാനും മോദി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിര്‍ദ്ദേശം നടപ്പിലാകുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമുള്ള ബിസിനസ് ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യത്തെ ലൈസന്‍സുകള്‍ ലഭിയ്ക്കുക. ബാങ്കിംഗ് മേഖലയില്‍ അവരുടെ കുത്തക വര്‍ധിക്കാനെ ഈ നയം കാരണമാകു, അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും രംഗത്തെത്തിയിരുന്നു. ഈ നിര്‍ദ്ദേശം അപകടമാണെന്നാണ് രഘുറാം രാജനും മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും പറഞ്ഞത്. ലിങ്ക്ഡ് ഇന്നില്‍ സംയുക്തമായി എഴുതിയ ലേഖനത്തിലാണ് റിസര്‍വ് ബാങ്ക് ആഭ്യന്തരസമിതിയുടെ തീരുമാനത്തെ ഇരുവരും ശക്തമായി എതിര്‍ത്തത്.
തീരുമാനം തെറ്റായ ആശയമാണെന്ന് ഇരുവരും പറയുന്നു. ചില ബിസിനസ് സ്ഥാപനങ്ങളിലേക്ക് സാമ്പത്തിക രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണം ഉണ്ടാകാന്‍ ഇത് ഇടയാക്കുമെന്നും രഘുറാം രാജന്‍ പറയുന്നു.
2021 ജനുവരി 15 വരെ റിസര്‍വ് ബാങ്ക് ഈ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ക്ഷണിച്ചിട്ടുണ്ട്.
വലിയ കോര്‍പ്പറേറ്റുകളുടെ ബാങ്കിനെ നിയന്ത്രിക്കാന്‍ എത്ര മികച്ച നിയമം കൊണ്ടുവന്നാലും കഴിയില്ലെന്നും രഘുറാം രാജന്‍ പറയുന്നു. നിയമങ്ങളെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യെസ് ബാങ്ക് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക