| Thursday, 25th October 2018, 4:57 pm

എയര്‍സെല്‍ മാക്‌സിസ് അഴിമതി; ചിദംബരത്തേയും മകനേയും പ്രതിചേര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതിചേര്‍ത്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പ്രതിചേര്‍ത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറപത്രത്തില്‍ ഒമ്പത് പ്രതികളാണുള്ളത്.

കേസ് കോടതി ഈ മാസം 26നു പരിഗണിക്കും.സി.ബി.ഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും ചിദംബരവും മകനും പ്രതികളാണ്.

ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ, മുന്‍ ധനകാര്യ സെക്രട്ടറി അശോക് ചാവ്‌ള, സാമ്പത്തികകാര്യ വകുപ്പു മുന്‍സെക്രട്ടറി അശോക് ഝാ എന്നിവരുള്‍പ്പെടെ 10 പേരും ആറു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.

ALSO READ: ശബരിമലയിലെ യുവതി പ്രവേശം; വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

ചിദംബരത്തിന് 26 ലക്ഷം രൂപ കോഴയായി ലഭിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പ്രതികളെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. ന്യൂദല്‍ഹി ജോര്‍ബാഗിലെ ഫ്‌ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകള്‍, യു.കെയിലെ സോമര്‍സെറ്റിലുള്ള വീട്, സ്‌പെയിനിലെ ബാര്‍സിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ചാണു നടപടിയെന്നു എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. കാര്‍ത്തിക്കു ബന്ധമുള്ള എ.എസ്.സി.പി.എല്‍ കമ്പനി വഴി വാസന്‍ ഹെല്‍ത്ത് കെയറില്‍ ഉള്‍പ്പെടെ ഒട്ടേറെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more