'സ്വയം ദേശീയവാദികളെന്ന് പറയുന്നവരെ അവഗണിക്കൂ, ആവശ്യത്തില്‍ ഉറച്ച് നില്‍ക്കൂ'; ജമ്മു കശ്മീര്‍ പ്രമേയത്തില്‍ പി. ചിദംബരം
national news
'സ്വയം ദേശീയവാദികളെന്ന് പറയുന്നവരെ അവഗണിക്കൂ, ആവശ്യത്തില്‍ ഉറച്ച് നില്‍ക്കൂ'; ജമ്മു കശ്മീര്‍ പ്രമേയത്തില്‍ പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 7:50 pm

ന്യൂദല്‍ഹി: ജമ്മു ആന്‍ഡ് കശ്മീരില്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രമേയത്തില്‍ ഒപ്പിട്ട് നല്‍കിയവര്‍ ആ ആവശ്യത്തിനൊപ്പം ഉറച്ച് നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.

‘പ്രമേയത്തില്‍ പറഞ്ഞ ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. യഥാര്‍ത്ഥ ചരിത്രം വായിക്കാതെ ചരിത്രം തിരുത്തിയെഴുതുന്ന, സ്വയം ദേശീയ വാദികളെന്ന് സങ്കല്‍പിച്ച് നടക്കുന്ന വിവരമില്ലാത്തവരുടെ അനാവശ്യ വിമര്‍ശനങ്ങള്‍ അവഗണിക്കൂ,’ പി. ചിദംബരം ട്വീറ്റ് ചെയ്തു.

2019 ഓഗസ്റ്റ് നാലിലെ ഗുപ്കര്‍ പ്രഖ്യാപനത്തിന് ശേഷം കശ്മീരില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നായിരുന്നു ജി.എ മിറിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ചിദംബരം രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ 370ഉം 35 എയും തിരിച്ചു പുനഃസ്ഥാപിക്കുന്നതിനായി പ്രമേയത്തില്‍ ഒപ്പു വെച്ച ആറ് ദേശീയ- പ്രാദേശിക പാര്‍ട്ടിയില്‍ കോണ്‍ഗ്രസുമുണ്ട്. എന്നാല്‍ സുപ്രീം കോടതി വിധി പറഞ്ഞതിന് ശേഷം മാത്രം ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതില്‍ നടപടികള്‍ തുടങ്ങിയാല്‍ മതിയെന്നും മിര്‍ മുഹമ്മദ് പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയത്തില്‍ ഒപ്പ് വെച്ചത്. ഇതിന് പിന്നാലെ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ 370 തിരിച്ചു പിടിക്കാനുള്ള ആറ് പ്രധാന പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങിയതിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് ചിദംബരം മറ്റൊരു ട്വീറ്റില്‍ പറഞ്ഞിരുന്നു.

‘ആര്‍ട്ടിക്കിള്‍ 370 തിരിച്ച് പിടിക്കാന്‍ കഴിഞ്ഞ ദിവസം മുന്നിട്ടിറങ്ങിയ ആറ് മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളുടെ ധൈര്യത്തെയും ഐക്യത്തെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു,’ ചിദംബരം ട്വീറ്റ് ചെയ്തു.

ജമ്മു ആന്‍ഡ് കശ്മീരില്‍ സുരക്ഷാ അടിച്ചമര്‍ത്തലും രാജ്യത്തെ ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് നിര്‍ത്താലക്കല്‍ നടപ്പാക്കിയതും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെ തടവിലാക്കിയതിന്റെയുമടിസ്ഥാനത്തിലാണ് പ്രമേയത്തില്‍ ഒപ്പുവെച്ചത്.

നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, പിഡിപി നേതാവ്‌മെഹ്ബൂബ മുഫ്തി, ജമ്മു ആന്‍ഡ് കശ്മീര്‍ പിസിസി പ്രസിഡന്റ് ജി.എ മിര്‍, പീപിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സജദ് ഗാനി ലോണ്‍, സിപിഐഎമ്മിന്‍െ എം.വൈ തരിഗാമി, അവാമി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് മുസാഫര്‍ ഷാ എന്നിവരാണ് പ്രമേയത്തില്‍ ഒപ്പു വെച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

P. Chidambaram urges the parties to avoid the criticisms of uninformed people who acted to be self styled nationalists