ജനാധിപത്യം കൂടുതലെന്ന് ഒരു ബ്യൂറോക്രാറ്റ് കിടന്ന് നിലവിളിക്കുന്നു, കച്ചേരിക്കോയ്മയാണെന്ന് ദുഃഖത്തോടെ ഒരു ഡെമോക്രാറ്റ് പറയുന്നു; വിമര്‍ശനവുമായി പി. ചിദംബരം
ന്യൂദല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം കൂടുതലാണെന്ന നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യമല്ല കച്ചേരിക്കോയ്മയാണ് കൂടുതലെന്ന് അദ്ദേഹം പറഞ്ഞു.
” ജനാധിപത്യം കൂടുതലാണെന്ന് പറഞ്ഞ് ഒരു മുതിര്‍ന്ന ബ്യൂറോക്രാറ്റ് ഇവിടെ നിലവിളികൂട്ടുന്നു, എന്നാല്‍ ഇവിടെ കച്ചേരിക്കോയ്മയാണ് കൂടുതലെന്ന് ദുഃഖിതനായ ഒരു ഡെമോക്രാറ്റ് പറയുന്നു,”, ചിദംബരം ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലായതിനാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ പ്രസ്താവന.
ശക്തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ ചൈനയുമായി മത്സരിക്കാന്‍ ഇന്ത്യക്കാവുകയുള്ളൂവെന്നും കാന്ത് അവകാശപ്പെട്ടിരുന്നു.
‘ ഇന്ത്യയില്‍ ശക്തമായ നവീകരണങ്ങള്‍ നടപ്പാക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യയില്‍ ജനാധിപത്യം വളരെയധികം കൂടുതലാണ്… കല്‍ക്കരി, ഖനനം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലയില്‍ നടപ്പാക്കിയ പോലെയുള്ള നവീകരണങ്ങള്‍ നടത്തണമെങ്കില്‍ രാഷ്ട്രീയമായ ഇച്ഛാ ശക്തി ആവശ്യമാണ്. ഇനിയും ഒരുപാട് ഇവിടെ നടപ്പാക്കാനുമുണ്ട്,’ എന്നാണ് അമിതാഭ് കാന്തിന്റെ അഭിപ്രായം.
അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി രംഗത്തെത്തിയിരുന്നു.
പ്രശ്‌നം ജനാധിപത്യത്തിനല്ല ബി.ജെ.പിക്കാണെന്നാണ് അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് ഉവൈസി മറുപടി നല്‍കിയത്.
അതേസമയം, ‘ ലൗ ജിഹാദ്’ നിയമം പാസാക്കിയ യു.പി സര്‍ക്കാരിനെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട കേന്ദ്രസര്‍ക്കാരിനേയും ചിദംബരം വിമര്‍ശിച്ചു. ലിബറല്‍ ജനാധിപത്യത്തിന്റെ അവശിഷ്ടങ്ങളിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക