ന്യൂദല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കം മണ്ടന്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തെറ്റായ ചുവടുവെപ്പെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. തീരുമാനത്തില്‍നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി നാല് ശതമാനത്തിന് മുകളിലെത്തിയിട്ടില്ലെന്ന കാര്യം എടുത്തുപറഞ്ഞ ചിദംബരം ഇപ്പോള്‍ ജി.ഡി.പി വളര്‍ച്ചയെക്കാള്‍ പരിഗണന നല്‍കേണ്ടത് ജനങ്ങളുടെ ജീവിതത്തിനാണെന്നും പറഞ്ഞു.
‘സര്‍ക്കാര്‍ ചില സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് മണ്ടന്‍ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് എനിക്കറിയാം. പക്ഷേ, ഇത് എത്രത്തോളം മണ്ടത്തരമാണെന്നതിലാണ് അത്ഭുതപ്പെടുന്നത്. പി.പി.എഫുകളുടെയും ചെറു നിക്ഷേപങ്ങളുടെയും പലിശ വെട്ടിച്ചുരുക്കുന്നത് ടെക്‌നിക്കലി ശരിയായിരിക്കാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിനുള്ള തീര്‍ത്തും തെറ്റായ സമയമാണിത്’, ചിദംബരം വ്യക്തമാക്കി.
കടുത്ത ദുരിതവും വരുമാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും നിലനില്‍ക്കുന്ന സമയത്ത് ആളുകള്‍ അവരുടെ സമ്പാദ്യത്തിന്റെ പലിശ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ഉടന്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തി ജൂണ്‍ 30-ന് അകം പഴയ നിരക്കുകള്‍ പുനഃസ്ഥാപിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.