ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ ആരും കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയക്കെതിരെ മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. അതിര്‍ത്തിയില്‍ ആരും കടന്നു കയറിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുന്നത് വഴി മോദി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ എന്നാണ് ചിദംബരം ചോദിച്ചത്.
‘മോദി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ? അങ്ങനെയാണെങ്കില്‍ ചൈനയുമായി കൂടിയലോചനകള്‍ നടത്താന്‍ മാത്രം ഇവിടെ എന്താണ് ഉണ്ടായിരുന്നത്? ഇവിടുത്തെ മേജര്‍ ജനറല്‍മാര്‍ എന്തിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്?,’ ചിദംബരം ചോദിച്ചു.
തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ അഞ്ച് ചോദ്യങ്ങളാണ് ചിദംബരം ഇന്ത്യ- ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദിച്ചിരിക്കുന്നത്.
‘ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആരും തന്നെ നുഴഞ്ഞു കയറയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. അത് സത്യമാണെങ്കില്‍ മെയ് അഞ്ചിലെയും ആറിലെയും ബഹളങ്ങള്‍ എന്തായിരുന്നു? ജൂണ്‍ 16നും 17നും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്തിനായിരുന്നു? എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടപ്പെട്ടത്?,’ ചിദംബരം ചോദിച്ചു.
ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ കടന്നുകയറ്റമുണ്ടായിരുന്നില്ലെങ്കില്‍ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങളെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കണമെന്ന ചര്‍ച്ചകള്‍ നടന്നതെന്തിനായിരുന്നെന്നും ചിദംബരം ചോദിച്ചു.
Has PM given a clean chit to China? If so, what is there to negotiate with China? Why are the Major Generals negotiating and about what?
ചൈനീസ് സൈന്യം ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ കടന്നിട്ടില്ലെങ്കില്‍ എന്തിനാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ അതിര്‍ത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പറഞ്ഞത്? ജൂണ്‍ ആറിന് കമാന്‍ഡര്‍മാര്‍ ചര്‍ച്ച ചെയ്തതെന്തിനെക്കുറിച്ചാണ്? കാലാവസ്ഥയെക്കുറിച്ചാണോ എന്നും ചിദംബരം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ചൈനയുടെ ഭൂമിയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പ്രധാനമന്ത്രി ഇന്ത്യന്‍ അതിര്‍ത്തി ചൈനയുടെ ആക്രമണത്തിന് മുന്നില്‍ അടിയറവ് വെച്ചെന്നും രാഹുല്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന് പിന്നാലെ ഇന്ത്യാ ചൈന സംഘര്‍ഷത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു.
ഒരു ഭാഗത്ത് ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനയ്ക്ക് വിട്ട് നല്‍കിയില്ലെന്ന് പ്രധാനമന്ത്രി പറയുകയും മറുഭാഗത്ത് ഗല്‍വാന്‍ താഴ് വാരം തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുകയും ചെയ്യുന്നത് അസ്വീകാര്യമാണെന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും പ്രതികരണം നടത്തണമെന്നും ശിസസേന നേതാവ് പ്രിയങ്കാ ചതുര്‍വേദി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക