| Friday, 6th November 2020, 7:58 am

'മുടന്തന്‍ താറാവിന് വോട്ട് ചെയ്തിട്ട് ജനങ്ങള്‍ക്കെന്ത് കാര്യം?'; നിതീഷിന്റേത് കരുണയ്ക്ക് വേണ്ടിയുള്ള അപേക്ഷയെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020ലെ ബീഹാര്‍ തെരഞ്ഞെടുപ്പ് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കുമാര്‍ തന്റെ പരാജയം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന വാദം കരുണയ്ക്ക് വേണ്ടിയുള്ള അപേക്ഷയാണെന്നും ചിദംബരം വ്യാഴാഴ്ച പറഞ്ഞു.

‘ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് എപ്പോള്‍ നിതീഷ് കുമാര്‍ പറഞ്ഞോ അപ്പോള്‍ മുതല്‍ അദ്ദേഹം പരാജയം സമ്മതിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രം അദ്ദേഹത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിന്തുണയ്ക്ക് വേണ്ടിയുള്ള അഭ്യര്‍ത്ഥനയല്ല, പകരം കരുണയ്ക്കായുള്ള അപേക്ഷയാണ്,’ ചിദംബരം ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ മുടന്തന്‍ താറാവായിരിക്കുന്ന (ഒന്നിനും കൊള്ളാത്തവന്‍) ഒരാള്‍ക്ക് വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കെന്താണെന്നും ചിദംബരം ചോദിച്ചു.

പൂര്‍ണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നിതീഷ് കുമാറിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

‘ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കുന്നു’, എന്നായിരുന്നു നിതീഷ് റാലിയ്ക്കിടെ പറഞ്ഞത്.

ബീഹാര്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ പ്രഖ്യാപനം. മൂന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍.

മൂന്ന് തവണ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാവാണ് നിതീഷ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Chidambaram says Nitish Kumar’s Last Election Remark Is “Plea For Mercy

We use cookies to give you the best possible experience. Learn more