ബംഗലൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ച രാഷ്ട്രീയ അവസ്ഥയെ പരിഹസിച്ചായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
‘ഒരാള്‍ കോണ്‍ഗ്രസായിരിക്കുമ്പോള്‍ വോട്ടര്‍മാര്‍ ആയാള്‍ക്ക് വോട്ട് നല്‍കുന്നു, അതേയാള്‍ ബി.ജെ.പിയാകുമ്പോഴും അവര്‍ അയാള്‍ക്കുതന്നെ വോട്ട് നല്‍കുന്നു. ഇന്ത്യയെ സ്വര്‍ഗ തുല്യമാക്കാനുതകുന്ന വിശിഷ്ടമായ ആര്‍ജവം ഇന്ത്യന്‍ രാഷ്ട്രീയം കൈവരിച്ചെന്ന് പറയാന്‍ കഴിയുന്നതെങ്ങനെ’- ചിദംബരം ട്വീറ്റ് ചെയ്തു.
ബി.ജെ.പിയിലേക്ക് കൂറുമാറിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം മറുപടി പറയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷകളെ അസ്ഥാനത്താക്കിയായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം.
പരാജയം അംഗീകരിക്കുന്നെന്നും ജനങ്ങള്‍ കൂറുമാറ്റക്കാരെയാണ് തെരഞ്ഞെടുത്തതെന്നുമായിരുന്നു ഫലം പുറത്തുവന്നതിന് ശേഷം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചത്.
കര്‍ണാടകയില് ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12ലും ബി.ജെ.പിക്കായിരുന്നു ജയം. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. ജെ.ഡി.എസിനാകട്ടെ ഒരു സീറ്റുപോലും ലഭിച്ചില്ല.