| Thursday, 14th November 2019, 11:44 am

ജയിലില്‍ ചിദംബരത്തിന്റെ ആരോഗ്യനില ഗുരുതരം; ശരീരഭാരം കുറയുന്നു; എത്രയും പെട്ടന്ന് ചികിത്സ നല്‍കണമെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി കസ്റ്റഡി കാലാവധി വര്‍ധിപ്പിച്ചതിന് പിന്നാലെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബം. ചിദംബരത്തിന് തിഹാര്‍ ജയിലില്‍ നല്‍കുന്ന ചികിത്സയില്‍ തൃപ്തിയില്ലെന്നും അദ്ദേഹത്തിന്റെ ശരീരഭാരത്തില്‍ എട്ട് കിലോ കുറഞ്ഞെന്നും കുടുംബം വ്യക്തമാക്കി.

കടുത്ത വയറുവേദനയെത്തുടര്‍ന്ന് ചിദംബരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കുശേഷം അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്കുതന്നെ തിരികെ കൊണ്ടുപോവുകയായിരുന്നു.

‘ജയിലില്‍ അദ്ദേഹത്തിന് നല്‍കുന്ന ചികിത്സയില്‍ ഞങ്ങള്‍ തൃപ്തരല്ല. അദ്ദേഹം വളരെയധികം കഷ്ടപ്പെടുകയാണിപ്പോള്‍. അദ്ദേഹത്തെ എത്രയും പെട്ടന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഹൈദരാബാദിലുള്ള ഉദരരോഗ വിദഗ്ധന്‍ നാഗേശ്വര റെഡ്ഡി പറഞ്ഞത്. ചിദംബരത്തെ 2016 മുതല്‍ ചികിത്സിക്കുന്ന ഡോക്ടറാണ് ഇദ്ദേഹം’, ചിദംബരത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

റെഡ്ഡിയുടെ ചികിത്സയില്‍ ചിദംബരത്തിന് ഭേദപ്പെട്ട അവസ്ഥയുണ്ടായിരുന്നെന്നും കുടുംബം വ്യക്തമാക്കി.

നവംബര്‍ എട്ടിന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതിയുടെ വിധിക്ക് കാത്തിരിക്കുകയാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് 21നാണ് ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശ നിക്ഷേപം അനുവദിച്ചുവെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more