ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 30 വരെയാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കിയത്.
ചോദ്യം ചെയ്യല്‍വേളയില്‍ ചിദംബരം സഹകരിച്ചില്ലെന്നും മറ്റു പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നുമായിരുന്നു സി.ബി.ഐ കോടതിയെ അറിയിച്ചത്. കസ്റ്റഡി നീട്ടി നല്‍കരുതെന്നും മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
ഇന്ന് ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിച്ച ദല്‍ഹി ഹൈക്കോടതി വിധിയ്‌ക്കെതിരെ ചിദംബരം നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാേപക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ സുപ്രീംകോടതി പരിഗണിച്ചില്ല.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റ് ഭീഷണിക്കെതിരെ ചിദംബരം സമര്‍പ്പിച്ച ഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
ആഗസ്റ്റ് 21ന് അറസ്റ്റ് ചെയ്ത ചിദംബരത്തെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വെക്കാനാണ് സി.ബി.ഐയ്ക്ക് അനുമതിയുണ്ടായിരുന്നത്.