ന്യൂദല്‍ഹി: നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് പ്രസിഡന്റുമാരാക്കുമോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചി. ചിദംബരം. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചവരുടെ ലിസ്റ്റടക്കം പുറത്തുവിട്ടാണ് ചിദംബരത്തിന്റെ മറുപടി.
“പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയിലേക്കായി, 1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യു.എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡി.കെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പി.വി നരസിംഹറാവു, സിതാറാം കേസരി (സെക്രട്ടറി) തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ട്.”
സ്വാതന്ത്ര്യത്തിന് മുന്‍പ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്നവര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, കെ.കാമരാജ്, മന്‍മോഹന്‍സിംഗ് എന്നിവരായിരുന്നെന്നും ചിദംബരം ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവരെ കണ്ടെത്താന്‍ മോദി സമയം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഇനിയെങ്കിലും റാഫേലിനെയും നോട്ടുനിരോധനത്തേയും ജി.എസ്.ടിയേയും, സി.ബി.ഐയേയും ആര്‍.ബി.ഐയേയും കുറിച്ച് പറയണമെന്നും ചിദംബരം പറഞ്ഞു.
കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്കെങ്കിലും നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കിക്കാണിക്കാന്‍ വെല്ലുവിളിച്ച് നേരത്തെ നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം.
അങ്ങനെ ഒരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയാല്‍ ജവര്‍ലാല്‍ നെഹ്റു ഇന്ത്യയില്‍ യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥ സൃഷ്ടിച്ചു എന്ന് താന്‍ വിശ്വസിക്കുമെന്നും മോദി പറഞ്ഞിരുന്നു.
ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ഛത്തീസ്ഗഢില്‍ നവംബര്‍ 20നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.
WATCH THIS VIDEO: