ന്യൂദല്‍ഹി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ബിഷപ്പിന്റെ വികൃത ചിന്തയാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഹിന്ദുത്വ തീവ്രഗ്രൂപ്പുകള്‍ യുവാക്കളേയും സ്ത്രീകളേയും തീവ്രവാദികളാക്കാന്‍ കണ്ടെത്തിയ ഒരു രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാര്‍ക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസന്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്ന ബിഷപ്പാണ് അതിന്റെ രചയിതാവ് എന്നത് എന്നെയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നു,’ ചിദംബരം പറഞ്ഞു.
സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമര്‍ശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ താന്‍ പിന്തുണയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിന് പിന്തുണ വാ്ഗ്ദാനം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം തെറ്റായ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്നവരെ നേരിടുമെന്ന സര്‍ക്കാര്‍ പ്രസ്താവന പിന്തുണയ്ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
വലതുപക്ഷ ഹിന്ദു സംഘടനകള്‍ ബിഷപ്പിനു പിന്തുണയുമായി രംഗത്ത് വന്നതില്‍ അത്ഭുതമില്ല. ഇരുകൂട്ടരും മുസ്‌ലിം എന്ന ‘അപരനെ’യാണ് ലക്ഷ്യം വെക്കുന്നതെന്നും ചിദംബരം പറഞ്ഞു.
ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.