'ആദ്യം അറസ്റ്റ് ശേഷം തെളിവ് ശേഖരണം,നാണക്കേടാണിത്; ഉത്തര്‍പ്രദേശ് പൊലീസിനെതിരെ പി.ചിദംബരം
national news
'ആദ്യം അറസ്റ്റ് ശേഷം തെളിവ് ശേഖരണം,നാണക്കേടാണിത്; ഉത്തര്‍പ്രദേശ് പൊലീസിനെതിരെ പി.ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2020, 2:37 pm

ലഖ്‌നൗ: തെളിവുകളില്ലാതെ കോണ്‍ഗ്രസ് നേതാവായ സദാഫ് ജാഫറിനേയും മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധനപുരിയേയും പവന്‍ റാവുവിനേയും അറസ്റ്റ് ചെയ്തത് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി നാണക്കേടാണെന്ന് മുന്‍ കേന്ദ്രധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അറസ്റ്റ് ചെയ്തതിന് ശേഷം തെളിവില്ലായെന്ന് പറയുന്ന പൊലീസ് വാദം ഞെട്ടിപ്പിക്കുന്നതാണെന്നും ചിദംബരം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് ഇവരെ ഡിസംബര്‍ 19ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസിന് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തെളിവുകള്‍ കൂടാതെ ഒരാളെ എങ്ങനെയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയെന്നും എങ്ങനെയാണ് റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വെക്കുകയെന്നും ചിദംബരം ചോദിച്ചു.

‘നിയമപ്രകാരം ആദ്യം തെളിവ് കണ്ടെത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത് ആദ്യം അറസ്റ്റ് ചെയ്യുകും പിന്നീട് തെളിവ് കണ്ടെത്തുകയുമാണ്. നാണക്കേടാണിത്.’ ചിദംബരം പറഞ്ഞു.

പരിവര്‍ത്തന്‍ ചൗക്കില്‍ വെച്ചാണ് സദാഫ് അറസ്റ്റിലായത്. സദാഫ് ജാഫര്‍ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരുന്നത്.

കസ്റ്റഡിയില്‍ വെച്ച് സദാഫ് ജാഫറിനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി അവരുടെ കുടുംബം രംഗത്തു വന്നിരുന്നു. അറസ്റ്റിലാവുന്നതിന് മുമ്പ് പ്രതിഷേധങ്ങളില്‍ പൊലീസ് അക്രമാസക്തമായി പെരുമാറുന്ന വീഡിയോ സദാഫ് പങ്കുവെച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ