| Monday, 5th August 2019, 10:42 am

'അശുഭകരമായതൊന്നും സംഭവിക്കാതിരിക്കട്ടെ'; കശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇന്നത്തെ ദിവസം അവസാനിക്കും മുമ്പ് ജമ്മു കശ്മീരില്‍ എന്തെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകുമോ എന്ന കാര്യം നമ്മള്‍ അറിയുമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

ചിദംബരത്തിന്റെ ട്വീറ്റ് ഇങ്ങനെ, ‘ഈ ദിവസം അവസാനിക്കും മുമ്പ് ജമ്മു കശ്മീരില്‍ എന്തെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകുമോ എന്ന കാര്യം നമ്മള്‍ അറിയും. അശുഭകരമായതൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം’.

കശ്മീരില്‍ അതിസാഹസികമായ എന്തോ നീക്കത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായും ചിദംബരം ട്വീറ്റ് ചെയ്തു. എല്ലാ ജനാധിപത്യ രീതികളെയും സര്‍ക്കാര്‍ അട്ടിമറിക്കുമെന്നതിന്റെ ഉദാഹരണമാണ് നേതാക്കളുടെ വീട്ടുതടങ്കലെന്നും വീട്ടുതടങ്കലില്‍ അപലപിക്കുന്നെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

വിഷയത്തില്‍ ശശി തരൂര്‍ എംപിയും പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യക്കാരനായ ഓരോ ജനാധിപത്യവാദിയും കശ്മീരിലെ മുഖ്യധാരാ നേതാക്കളോടൊപ്പം നില്‍ക്കുമെന്നു തരൂര്‍ ട്വീറ്റ് ചെയ്തു.

‘നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള. ജനാധിപത്യവാദിയായ ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യത്തിനായി സര്‍ക്കാര്‍ കരുതിവെച്ചതെന്താണോ അതിനെ നേരിടാനൊരുങ്ങുന്ന കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നിലനില്‍ക്കും. പാര്‍ലമെന്റില്‍ ഇപ്പോഴും സമ്മേളനം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ശബ്ദം ഒടുങ്ങിയിട്ടില്ല.’- അദ്ദേഹം പറഞ്ഞു.

വീട്ടുതടങ്കലിന്റെ വാര്‍ത്ത വന്നതിനു പിറകെ തരൂരിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ‘അവരെ നമ്മള്‍ ഒഴിവാക്കിയാല്‍ പിന്നെയാരാണു ബാക്കികാണുക? ജമ്മു കശ്മീരില്‍ എന്താണു നടക്കുന്നത്? തെറ്റൊന്നും ചെയ്യാത്ത നേതാക്കളെ എന്തിനാണ് അര്‍ധരാത്രി അറസ്റ്റ് ചെയ്യുന്നത്?

കശ്മീരികള്‍ നമ്മളുടെ പൗരന്മാരാണ്. അവരുടെ നേതാക്കള്‍ നമ്മുടെ പങ്കാളികളാണ്. ഭീകരര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ നീങ്ങുമ്പോള്‍ മുഖ്യധാരയിലുള്ളവരെ നമ്മള്‍ കൂടെനിര്‍ത്തണ്ടേ?’- അദ്ദേഹം ചോദിച്ചു.

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സി.പി.ഐ.എം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരാണ് വീട്ടുതടങ്കലിലായത്.

ഇവരെ വീട്ടുതടങ്കലിലാക്കിയതിന്റെ കാരണം വ്യക്തമല്ല. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സൈനികനീക്കം. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം കശ്മീരില്‍ രണ്ടുതവണയായി 38,000 അര്‍ധസൈനികരെ വിന്യസിച്ചത്.

We use cookies to give you the best possible experience. Learn more