ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ച ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധമന്ത്രിയുമായ പി. ചിദംബരം. പ്രഖ്യാപനത്തിലെ എം.എസ്.എം.ഇ പാക്കേജൊഴികെ ബാക്കിയെല്ലാത്തിലും നിരാശനാണെന്ന് വ്യക്തമാക്കിയ ചിദംബരം പ്രഖ്യാപിച്ച ബാക്കി തുക എവിടെ എന്നും ചോദിച്ചു.
’20 ലക്ഷം കോടിയുടെ പാക്കേജില്‍ 3.6 ലക്ഷം കോടി മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളു. ബാക്കി 16.4 ലക്ഷം കോടി രൂപ എവിടെ?’, ചിദംബരം ചോദിച്ചു.
സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കണം. കൂടുതല്‍ കടം വാങ്ങണം. സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണം. പക്ഷേ, ഇതൊന്നും ചെയ്യാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. അവരുടെ തന്നെ അറിവുകേടിന്റെയും ഭയത്തിന്റെയും തടവുകാരായിരിക്കുകയാണ് സര്‍ക്കാരെന്നും ചിദംബരം വിമര്‍ശിച്ചു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഘട്ടത്തില്‍ ഒരിക്കല്‍ പോലും അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാത്തതും ചിദംബരം ചോദ്യം ചെയ്തു. ലോക്ഡൗണ്‍ കാലത്തുമുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.