| Saturday, 2nd March 2019, 10:00 am

ബാലകോട്ടില്‍ 350 തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രചരിപ്പിച്ചത് ബി.ജെ.പിയാണ്, വ്യോമസേനയോ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരോ അങ്ങനെ അവകാശപ്പെട്ടിട്ടില്ല: പി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ബലാകോട്ട് തിരിച്ചടി സംബന്ധിച്ചുള്ള അവകാശവാദങ്ങള്‍ തെറ്റാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും എന്നാല്‍ രാജ്യത്തെ ഒരു പൗരനെന്ന നിലയ്ക്ക് താന്‍ സര്‍ക്കാരിനെ വിശ്വസിക്കുകയാണെന്നും കൂടുതലൊന്നും വിശദീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.

ദല്‍ഹിയില്‍ ഇന്ത്യാടുഡേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തതെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ കുറിച്ച് രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചിദംബരം.

ബാലകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരൊന്നും അവകാശവാദമുന്നയിച്ചിട്ടില്ലെന്നും സര്‍ക്കാരിന് പിന്നിലുള്ള ബി.ജെ.പിയാണ് 350 തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രചരിപ്പിച്ചതെന്നും ചിദംബരം പറഞ്ഞു.

ചിദംബരത്തിന്റെ വാക്കുകള്‍

വ്യോമസേന ഒരിക്കലും കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ സംബന്ധിച്ച് അവകാശവാദമുന്നയിച്ചിട്ടില്ല. തങ്ങള്‍ക്ക് നല്‍കിയ ലക്ഷ്യത്തില്‍ കൃത്യമായി ആക്രമണം നടത്തിയെന്ന് മാത്രമാണ് വ്യോമസേന അവകാശപ്പെട്ടിട്ടുള്ളത്. വളരെ കൃത്യമായ പ്രസ്താവനയിറക്കിയ വ്യോമസേനയെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഒരു സിവിലിയന്‍, മിലിട്ടറി കാഷ്വാലിറ്റീസ് ഉണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയവും അദ്യം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുകയാണ്. അവരും മറ്റ് അവകാശവാദങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാരിന് പിന്നിലുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് 350 തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവകാശവാദമുന്നയിച്ചത്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയ്ക്ക് സര്‍ക്കാരിനെ വിശ്വസിക്കുകയാണ്. കൂടുതലൊന്നും പറയുന്നില്ല.

പക്ഷെ കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി ന്യൂയോര്‍ക്ക് ടൈംസ്, അല്‍ജസീറ, ഗള്‍ഫ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ വിരുദ്ധമായ അവകാശവാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഞാന്‍ എന്റെ സര്‍ക്കാരിനെ വിശ്വസിക്കുകയാണ്. പക്ഷെ ലോകത്തുള്ളവരോട് സംശയിക്കരുതെന്ന് പറയാന്‍ കഴിയില്ല. ഇതുപോലെ ഉയരുന്ന ചോദ്യങ്ങളാണ് മമതാ ബാനര്‍ജിയും പരാമര്‍ശിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more