| Friday, 7th February 2020, 9:22 am

'അന്യായങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗം?'; പൊതുസുരക്ഷാ നിയമം ചുമത്തിയതിനെതിരെ പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളക്കെതിരേയും മെഹ്ബൂബ മുഫ്തിക്കെതിരേയും പൊതുസുരക്ഷാ നിയമം ചുമത്തിയ സംഭവത്തിനെതിരെ മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം രംഗത്ത്. നേതാക്കള്‍ക്കെതിരേയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ഞെട്ടിക്കുന്നതും ദുഃഖമുണ്ടാക്കുന്നതാണെന്നും ചിദംബരം പ്രതികരിച്ചു.

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആറ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് കശ്മിരീലെ നേതാക്കള്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തുന്നത്. ഇരുനേതാക്കളും ഇപ്പോഴും തടവില്‍ കഴിയുകയാണ്.

‘കുറ്റം ചെയ്യാതെ ഒരാളെ തടവിലിടുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ്. അന്യായമായ നിയമങ്ങള്‍ പാസാക്കുമ്പോഴും അന്യായമായ നിയമങ്ങള്‍ നടപ്പാക്കുമ്പോഴും സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ ജനങ്ങള്‍ക്ക് എന്ത് മാര്‍ഗമാണുള്ളത്?, പി.ചിദംബരം ചോദിക്കുന്നു.

വിചാരണ കൂടാതെ ആരെയും മൂന്ന് മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസിന് അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം.

നേരത്തെ ഒമര്‍ അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫറൂഖ് അബ്ദുള്ളക്ക് നേരേയും പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു.

മെഹ്ബൂബ മുഫ്തിയേയും ഒമര്‍ അബ്ദുള്ളയേയും കൂടാതെ നാഷണല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍, പി.ഡി.പി നേതാവ് സര്‍തജ്മദ്‌നി എന്നിവര്‍ക്കെതിരേയും പി.എസ്.എ ചുമത്തിയിരുന്നു. ഷാഫൈസലിനെതിരേയും നിയമം ചുമത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more