ഐ.എന്‍.എക്.സ് മീഡിയ കേസ്: ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി
national news
ഐ.എന്‍.എക്.സ് മീഡിയ കേസ്: ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2019, 12:58 pm

ന്യൂദല്‍ഹി: ഐ.എന്‍.എക്.സ് മീഡിയ കേസില്‍ ജാമ്യം തേടിയുള്ള പി. ചിദംബരത്തിന്റെ ഹര്‍ജിയില്‍ സി.ബി.ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ഏഴ് ദിവസത്തിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

ഹര്‍ജിയില്‍ സെപ്റ്റംബര്‍ 23-നാണ് കോടതി ഇതി വാദം കേള്‍ക്കുക.

കേസില്‍ തന്റെ ജുഡീഷ്യല്‍ കസ്റ്റഡി സംബന്ധിച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായിട്ടാണ് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഓഗസ്റ്റ് 21നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് ഈ മാസം 19 വരെയാണ് ചിദംബരം തിഹാര്‍ ജയിലില്‍ കഴിയേണ്ടത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎന്‍എക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്.

അതിനിടെ ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഇന്ന് പരിഗണിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ