| Wednesday, 21st August 2019, 8:02 am

ഐ.എന്‍.എസ് മാക്സ് മീഡിയ അഴിമതി കേസ്; ജാമ്യഹരജി സുപ്രിംകോടതിയില്‍, രാവിലെ 10.30 വരെ അറസ്റ്റ് ഒഴിവാക്കണമെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എസ് മാക്സ് മീഡിയ അഴിമതി കേസില്‍ ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പില്‍ സി.ബി.ഐ

അറസ്റ്റ് ഒഴിവാക്കാനായി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍നിന്ന് ചൊവ്വാഴ്ച തന്നെ സ്റ്റേ നേടാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല. ഹരജി ബുധനാഴ്ച ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് രജിസ്ട്രാര്‍ അനുമതി നല്‍കിയത്.

രാവിലെ 10.30 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് അഭിഭാഷകന്‍ അര്‍ഷ്ദീപ് സിങ് ഖുറാന സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നോട്ടീസ് പതിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചിദംബരത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സി.ബി.ഐ സംഘം വൈകീട്ടോടെ ചിദംബരത്തിന്റെ വീട്ടിലെത്തി. എന്നാല്‍ ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില്‍ തിരിച്ചു പോകുകയായിരുന്നു. ആറ് പേരടങ്ങുന്ന സി.ബി.ഐ സംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അറസ്റ്റില്‍നിന്നു മൂന്നുദിവസത്തേക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും ജസ്റ്റിസ് സുനില്‍ ഗൗര്‍ നിരസിച്ചു.

കേസില്‍ കാര്യക്ഷമമായി അന്വേഷണം നടത്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സുനില്‍ ഗൗര്‍ ഇന്ന് പറഞ്ഞിരുന്നു.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ല്‍ ഐ.എന്‍.എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ഐ.എന്‍.എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, ഐ.എന്‍.എക്‌സ് ന്യൂസിന്റെ അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Latest Stories

We use cookies to give you the best possible experience. Learn more