ന്യൂദല്‍ഹി: പോഷകാഹാരക്കുറവ് നിലനില്‍ക്കുന്ന ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് പട്ടിണി വ്യാപകമാകുന്നത് അപകടം ഉണ്ടാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങള്‍ പണമില്ലാത്ത അവസ്ഥയിലാണെന്നും ഭക്ഷണമോ പണമോ ഇല്ലാതെ കുടുംബത്തോടൊപ്പമോ ഒറ്റയക്കോ ലോക്ഡൗണില്‍ അകപ്പെടുക എന്നതാണ് ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും മോശം അവസ്ഥ എന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ അന്തസില്‍ വിട്ടുവീഴ്ച വരുത്തി സര്‍ക്കാരോ സ്വകാര്യ സംഘങ്ങളോ നല്‍കുന്ന സൗജന്യ ഭക്ഷണത്തിനായി നീണ്ട വരികളില്‍ നില്‍ക്കാന്‍ പാവപ്പെട്ട മനുഷ്യര്‍ നിര്‍ബന്ധിതാരാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണത്തിന്റെ വിതരണം ഒരിക്കലും കുറ്റമറ്റതാകില്ലെന്നും സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും ഭക്ഷണമെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുണ നിലവാരം മോശമായിരിക്കും, അളവ് അപര്യാപ്തമായിരിക്കും. കുടുംബത്തിലെ കുട്ടികള്‍ക്കോ വൃദ്ധര്‍ക്കോ ഭക്ഷണം വാങ്ങിക്കാനായി വരികളില്‍ നില്‍ക്കാന്‍ സാധിക്കില്ല. അവര്‍ക്ക് വേണ്ടികൂടി ഭക്ഷണം വാങ്ങിക്കാനായി യാചിക്കേണ്ട അവസ്ഥ ഉണ്ടാകും അദ്ദേഹം പറഞ്ഞു.
പോഷകാഹാരക്കുറവ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍, പട്ടിണി വ്യാപകമാകുന്നത് അപകടമുണ്ടാക്കും.
പലകുടുംബങ്ങളും പട്ടിണിയിലാണെന്നതിന്റെ തെളിവുകള്‍ ടിവി, പ്രിന്റ്, സോഷ്യല്‍ മീഡിയ എന്നിവയില്‍ ഉണ്ട്.
എത്രപേര്‍ പട്ടിണി മൂലം മരിച്ചുവെന്ന് നമ്മളറിയില്ല, കാരണം ഒരു സംസ്ഥാനസര്‍ക്കാരും പട്ടിണി സമ്മതിക്കുകയോ പട്ടിണി മരണങ്ങളുടെ എണ്ണം കണക്കാക്കുകയോ ചെയ്യില്ല.
ഇന്ത്യയില്‍ കുന്നുകണക്കിന് ഭക്ഷ്യധാന്യവും അത് ജനങ്ങളിലേക്കെത്തിക്കാനുള്ള പൊതു-സ്വകാര്യ സംവിധാനങ്ങളും ഉണ്ട്. എന്നിട്ടും ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ പട്ടിണിയിലാണ് എന്നത് വിരോധാഭാസമാണ്- അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.