| Saturday, 7th December 2019, 6:51 pm

'തമിഴ്‌നാട്ടിലേതു പോലുള്ള പ്രതിപക്ഷം രാജ്യത്തുടനീളം വേണം'; സര്‍ക്കാര്‍ ഫാസിസ്റ്റുകളായി മാറുന്നെന്നും പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമ്യത്തിലിറങ്ങിയ ശേഷം കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. കശ്മീര്‍ താഴ്‌വരയിലെ 75 ലക്ഷം ആളുകള്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെന്നും കേന്ദ്രസര്‍ക്കാരിന്റേതു പിന്തിരിപ്പന്‍ മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.

ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐ.എന്‍.എക്‌സ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 106 ദിവസങ്ങള്‍ക്കു ശേഷമാണ് ചിദംബരത്തിനു ജാമ്യം ലഭിച്ചത്. കഴിഞ്ഞദിവസമാണ് അദ്ദേഹം ജാമ്യത്തിലിറങ്ങിയത്.

ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കാണിച്ച ജാഗ്രത മറ്റുള്ളവരും കാണിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനായതില്‍ സന്തോഷമുണ്ട്. പക്ഷേ അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സ്വാതന്ത്ര്യം തട്ടിമാറ്റപ്പെട്ടുകഴിഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. നിങ്ങളാരും ഇതു മറക്കാന്‍ പാടില്ല.

നമ്മളിപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും കശ്മീര്‍ താഴ്‌വരയിലെ 75 ലക്ഷം ആളുകള്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഒരാള്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാല്‍, അതിനര്‍ഥം എല്ലാവര്‍ക്കും അതു നിഷേധിക്കപ്പെട്ടു എന്നാണ്.

സ്വാതന്ത്ര്യത്തെ വേര്‍തിരിച്ചു കാണരുത്. നിങ്ങളുടേത് എന്റേതു കൂടിയാണ്. അതുപോലെ എന്റേതു നിങ്ങളുടേതും. നിങ്ങളുടെ സ്വാതന്ത്ര്യം ഞാന്‍ സംരക്ഷിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് എന്റേതു സംരക്ഷിക്കാനാകില്ല. ഈ രാജ്യത്തെ സര്‍ക്കാര്‍ ഒരു വലതുപക്ഷ, പിന്തിരിപ്പന്‍ സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരായി മാറുകയാണ്. അവര്‍ സ്വാതന്ത്ര്യം പിടിച്ചടക്കുകയാണ്.

നമ്മള്‍ വളരെ ജാഗരൂകരായിരിക്കണം. രാജ്യത്തെ ബാക്കിയുള്ളവരും ദക്ഷിണേന്ത്യ കാണിക്കുന്ന ജാഗ്രത, പ്രത്യേക ബി.ജെ.പിയെ തമിഴ്‌നാട് എതിര്‍ക്കാന്‍ കാണിച്ച ജാഗ്രത കാണിക്കുമ്പോള്‍ മാത്രമാണു രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമാകൂ. തമിഴ്‌നാട്ടിലേതു പോലുള്ള ഒരു പ്രതിപക്ഷം രാജ്യത്തുടനീളം ഉണ്ടാകണം. അതാണ് എന്റെ ആഗ്രഹം.’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമ്യം ലഭിച്ച് ഉടന്‍തന്നെ വാര്‍ത്താസമ്മേളനം നടത്തിയ ചിദംബരം, രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ബി.ജെ.പി സര്‍ക്കാരിനെയും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more