ആരോഗ്യനില തൃപ്തികരം; പി. ചിദംബരം ആശുപത്രി വിട്ടു
national news
ആരോഗ്യനില തൃപ്തികരം; പി. ചിദംബരം ആശുപത്രി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 7:33 pm

ന്യൂദല്‍ഹി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചരുന്ന മുന്‍ ധനമന്ത്രി പി. ചിദംബരം ആശുപത്രി വിട്ടു. വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച വെകുന്നേരമാണ് ചിദംബരത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്നും തിരിച്ചു കൊണ്ടു വന്നത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചിദംബരത്തെ ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വയറുവേദനയുണ്ടെന്ന് ചിദംബരം പറഞ്ഞതിനെ തുടര്‍ന്ന് വൈകുന്നേരം എയിംസിലേക്ക് മാറ്റുകയായിരുന്നു.

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരം ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.

ഹൈദരാബാദില്‍ ചികിത്സയ്ക്കായി രണ്ടു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് ചിദംബരം കഴിഞ്ഞയാഴ്ചത്തെ വാദം കേള്‍ക്കലിനിടെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 30 വരെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വെക്കും.
ആഗസ്റ്റ് 21 നാണ് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

ഒക്ടോബര്‍ 22ന് സുപ്രീംകോടതി പി. ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.