ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നിരന്തരം ദേശവിരുദ്ധരെന്ന് വിളിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്താനികളെന്നും പാകിസ്താനികളെന്നുമൊക്കെയാണ് കേന്ദ്രമന്ത്രിമാര്‍ വിളിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖലിസ്താനികളെന്നും പാകിസ്താന്റെയും ചൈനയുടെയും ഏജന്റുമാരെന്നും മാവോയിസ്റ്റുകളെന്നും, ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തുക്‌ഡെ തുക്‌ഡെ ഗ്യാങ് എന്നുമൊക്കെയാണ് വിളിക്കുന്നത്,’ ചിദംബരം ട്വീറ്റ് ചെയ്തു.
ഇവരൊന്നും കര്‍ഷകരല്ലെങ്കില്‍ പിന്നെന്തിനാണ് കേന്ദ്രം നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്നും ചിദംബരം ചോദിച്ചു.
‘ഇവരെയെല്ലാം ഒഴിവാക്കിയാല്‍ പ്രതിഷേധിക്കുന്ന ആയിരക്കണക്കിനാളുകളില്‍ കര്‍ഷകര്‍ ഇല്ലെന്നല്ലേ അര്‍ത്ഥം. പ്രതിഷേധിക്കുന്നവരില്‍ കര്‍ഷകരില്ലെങ്കില്‍, ഇവരൊന്നും കര്‍ഷകരല്ലെങ്കില്‍ പിന്നെ കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് ഇവരോട് ചര്‍ച്ച ചെയ്യുന്നത്? ചിദംബരം ചോദിച്ചു.
കര്‍ഷകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി നിരവധി ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു.
കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്ര മന്ത്രി റാവു സാഹേബ് ആണ് പറഞ്ഞത്. സമാനമായ വാദവുമായി ഹരിയാന കാര്‍ഷിക മന്ത്രിയും രംഗത്തെത്തിയിരുന്നു. വൈദേശിക ശക്തികള്‍ ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഹരിയാന മന്ത്രി ജെ. പി ദലാല്‍ പറഞ്ഞത്.
അതേസമയം കര്‍ഷകര്‍ക്കുള്ള പിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാല്‍ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കേ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പൊലീസിനൊപ്പം തന്നെ മാര്‍ച്ച് നേരിടാന്‍ അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. സമരം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജയ്പൂര്‍ ദേശീയപാതയും ആഗ്ര എക്‌സ്പ്രസ് പാതയും ഉപരോധിച്ചുകൊണ്ടുള്ള മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ എത്തുന്നത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ചില്‍ പ്രധാനമായും പങ്കെടുക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക