| Sunday, 2nd February 2020, 4:16 pm

കരുതിയിരുന്നോളൂ, കഷ്ടപ്പാടിന്റെ കാലമാണ് നിർമല സീതാരാമൻ നിങ്ങൾക്കു സമ്മാനിച്ചിരിക്കുന്നത്

പി. ചിദംബരം

പ്രസിഡന്റിന്റെ നയപ്രഖ്യാപനം, എക്കണോമിക് സർവ്വേ, ബജറ്റ് – ഈ മൂന്ന് രേഖകളാണ് കേന്ദ്ര സർക്കാരിന്റെ വരും വർഷത്തെ നയപരിപാടികളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾ.

കുത്തഴിഞ്ഞ സാമ്പത്തികാവസ്ഥക്കു കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ എന്തക്കെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നറിയാൻ ആദ്യം ഞാൻ ആദ്യം പരിശോധിച്ചത് നയപ്രഖ്യാപന പ്രസംഗമായിരുന്നു. ഫലം നിരാശ. ആശാവഹമായതൊന്നും എനിക്ക് കണ്ടെത്താനായില്ല.

എക്കണോമിക് സർവ്വേ വിശകലനം ചെയ്യാനിരുന്നു പിന്നീട്. ഈ വർഷം കെ.വി സുബ്രഹ്മണ്യൻ ആയിരുന്നു സർവേ രേഖ തയാറാക്കാൻ നേതൃ സ്ഥാനത്ത്.  സാമ്പത്തിക കാര്യങ്ങൾ പോലെ തമിഴ് കവിതയിലും തല്പരനാണ് സുബ്രമണ്യൻ. സമ്പത്ത് സ്വരൂപിക്കൽ അനിവാര്യമാണെന്നും സമ്പത്തുണ്ടാകുവാൻ പണിയെടുക്കുന്നവർ ബഹുമാനിക്കപ്പെടണമെന്നുമുള്ള സർവേയുടെ അടിസ്ഥാന പ്രമേയത്തിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുനില്ല. പൊതുവെ അഗീകരിക്കപ്പെട്ടതാണത്.

സർവേയിലെ സുപ്രധാന അധ്യായം,  മാർക്കറ്റിലെ ഗവണ്മെന്റ് ഇടപെടലുകൾ ഉപകാരത്തെക്കാൾ ഉപദ്രവമായി മാറുന്നതിനെക്കുറിച്ചുള്ളതായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം സർവേ നിർദേശങ്ങക്കൊന്നും ചെവികൊടുക്കാത്ത  ഒരു ബഡ്‌ജറ്റുമായാണ് നിർമല സീതാരാമൻ എത്തിയത്. സാമ്പത്തിക രംഗത്തെ പടുകുഴിയിൽ നിന്നും കരകയറ്റുവാൻ സർവേയിൽ നിർദേശിക്കപ്പെട്ട ഘടാനപരമായ മാറ്റങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ ഒന്നുംതന്നെയും ധനകാര്യ മന്ത്രി ചെവിക്കൊണ്ടില്ല.

ഇനി ബജറ്റിലേക്കു പോകാം. ബജറ്റുരേഖയിലെ  അക്കങ്ങളും മന്ത്രിയുടെ പ്രസംഗവും നിർദേശങ്ങളും മൂന്നു തലങ്ങളിലായി സമൂലമായി വിലയിരുത്താനാണ് ഞാൻ  ശ്രമിക്കുന്നത്.

 തികഞ്ഞ ലഷ്യബോധമില്ലായ്മ 

കടുത്ത സമ്മര്‍ദ്ദങ്ങൾക്കു വഴങ്ങി നിരവധി മാറ്റങ്ങൾ കഴിഞ്ഞ വർഷത്തെ ബജറ്റിനു ശേഷം ഇന്ത്യൻ സാമ്പത്തിക രംഗത്തുണ്ടായിട്ടുണ്ട്. 2019-20 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ പൂർണ ഉത്തരവാദിത്തം നിർമല സീതാരാമനു മേൽ മാത്രം കെട്ടി വയ്ക്കുന്നതും ഉചിതമാകില്ല. എന്നാൽ, നിരവധി തലങ്ങളിൽ അവർ അമ്പേ പരാജയപ്പെട്ടു എന്നത് രേഖപ്പെടുത്തുക തന്നെ വേണം.

  • പന്ത്രണ്ട് ശതമാനമായിരുന്നു 2019-20 ബജറ്റിൽ ലക്ഷ്യമിട്ടിട്ടിരുന്ന ജി.ഡി.പി വളർച്ച. എന്നാൽ അത് 8.5 ശതമാനമായി ചുരുങ്ങി. പുതിയ ബജറ്റിലെ ജി.ഡി.പി വളർച്ച പത്തു ശതമാനത്തിലാണ് നിജപ്പെടുത്തിയിരിക്കുന്നത്.
  • 2019-20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 3.3 ശതമാനമായിരുന്ന ധനക്കമ്മി 3.8 ലേക്കുയർന്നു. പുതിയ  ബജറ്റിൽ 3.5 ആണ് ലക്ഷ്യമിടുന്നത്.
  • നികുതി വരുമാന ഇനത്തിൽ 16,49,582 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ  15,04,587 കോടി മാത്രമാണ് മാർച്ച് മാസത്തോടെ പിരിച്ചെടുക്കാൻ കഴിയുക.
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ  1,05,000 കോടി രൂപ ലക്ഷ്യമിട്ടിരുന്നിടത്ത് 65,000 കോടി രൂപ മാത്രമാണ് സ്വരൂപിക്കാനായത്.
  • ചെലവുകളുടെ കണക്കുകളും പിഴച്ചു. 2019-20-ൽ  27,86,349 കോടി രൂപ ചെലവിടാൻ ഉദ്ദേശിച്ചിരുന്നിടത്ത്  26,98,552  കോടി രൂപ മാത്രമാണ് ചെലവഴിക്കാനായത്. 63,086 കോടി രൂപ കടമെടുത്തിരുന്നു എന്നതുകൂടി ഓർക്കണം.

അടിസ്ഥാന സാമ്പത്തിക ആശയങ്ങൾ ഒന്നുംതന്നെയില്ല 

ബി. ജെ.പി സർക്കാരിന് ഏതെങ്കിലും സാമ്പത്തിക ആശയ അടിത്തറയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കഴിഞ്ഞ ആറു വർഷക്കാലത്തെ സാമ്പത്തിക നയപരിപാടികൾ പെറുക്കിയെടുത്തു പരിശോധിച്ചാൽ  സർക്കാരിന്റെ സാമ്പത്തിക മാർഗരേഖ  ഊന്നി നിൽക്കുന്നത് സ്വയംപര്യാപ്‌തത, സംരക്ഷണവാദം, സർക്കാർ നിയന്ത്രണം, കോർപറേറ്റ്  അനുകൂല നിലാപാട്, കടുത്ത നികുതികൾ, സർക്കാർ ചെലവിടൽ തുടങ്ങിയ ആശയങ്ങളുടെ മുകളിലാണെന്നു പറയാം.

ഏതെങ്കിലും തരത്തിലുള്ള പുതുചിന്തകൾ നിർമലാ സീതാരാമന്റെ ബജറ്റിൽ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഒരിക്കലുമില്ല എന്നു തന്നെയാണ്. എന്തിനേറെ, രാജ്യം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ബൃഹത് സാമ്പത്തിക പ്രതിസന്ധികൾക്കുമേലുള്ള സർക്കാർ വീക്ഷണങ്ങൾ പോലും കൃത്യമായി പ്രതിഫലിപ്പിക്കുവാൻ ധനമന്ത്രി പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും ചുരുക്കം, നിലവിലെ സാമ്പത്തിക പ്രതിസന്ധി ഘടനാപരമാണോ ചാക്രികമാണോ എന്നുപോലും വ്യകതമാക്കാതെയാണ്  ധനമന്ത്രി സംസാരിച്ചത്.

സാമ്പത്തിക രംഗം കൈവിട്ടുപോകുന്നുവെന്ന യാഥാർഥ്യം അംഗീകരിക്കാൻ ഗവൺമെന്റ് തയാറല്ല എന്ന് വേണം മനസിലാക്കാൻ. കടുത്ത ചോദനച്ചുരുക്കവും നിക്ഷേപക്കുറവും സമ്പദ് വ്യവസ്ഥയെ കാര്യമായി പിടികൂടിയിട്ടുണ്ടെന്ന് സമ്മതിക്കുന്നതിനു സർക്കാർ സന്നദ്ധമല്ല. അതായത്, യാഥാർഥ്യങ്ങളെ വിസ്മരിക്കുന്നത് വഴി വെല്ലുവിളികളെ മൗലികമായി നേരിടാൻ തയാറല്ല എന്നുകൂടി വ്യക്തമാക്കുകയാണ് സർക്കാർ.

നാമമാത്രമായ നികുതി ഘടനാ വ്യാത്യാസങ്ങളാണ് സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ അടിത്തറയെന്ന് ധരിച്ചുവശായിരിക്കയാണ് കേന്ദ്രസർക്കാർ എന്ന് തോന്നുന്നു. കുറച്ചു നാൾ മുൻപ് കോർപറേറ്റ് സെക്ടറിന് നികുതിയിളവ്‌ നൽകി പരീക്ഷിച്ചു. 40,000 കോടിയുടെ ഇളവാണ്‌ ഇപ്പോൾ ബജറ്റിൽ വ്യക്തികളുടെ വരുമാന നികുതിയിൽ നൽകിയിരിക്കുന്നത്.

കോർപറേറ്റ് സമ്മര്‍ദ്ദങ്ങൾക്ക് വഴങ്ങി, ലാഭ വിതരണ  നികുതിയും ധനമന്ത്രി എടുത്തുകളഞ്ഞു. ലാഭ വരുമാനത്തിന് മേൽ നടത്തുന്ന നികുതി വെട്ടിപ്പുകളെയൊക്കെ തടയിടാൻ ഫലപ്രദമായ നികുതിയായിരുന്നു അത് എന്നത് നിസ്സംശയം. ലാഭ വിതരണ  നികുതിയും ഒഴിവാക്കുന്നതോടെ കാര്യമായ വരുമാന ഇടിവുണ്ടാകുമെന്നതാണ് യാഥാർഥ്യം.

കൂട്ടത്തിൽ രണ്ട് പുതിയ നികുതികൾ കൂടി ധനമന്ത്രി നിർദേശിക്കുകയും വിവിധ നികുതി പരിധികൾ കൊണ്ടുവന്ന് വ്യക്തിഗത വരുമാന നികുതി പിരിവ് കൂടുതൽ സങ്കീർണമാക്കുകയും ചെയ്‌തു. ഇതേ അബദ്ധമാണ് ജി. എസ്. ടി നടപ്പാക്കിയപ്പോഴും സർക്കാർ കാണിച്ചത്.

പരിഷ്‌കാരങ്ങൾ പാടേ മറന്നു 

മൂന്ന് പ്രമേയങ്ങൾക്കു കീഴിലായി വിവിധ വിഭാഗങ്ങളിലായി നിരവധി പദ്ധതികൾ ആയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. ഉദാഹരണത്തിന് ‘അസ്പിറേഷനൽ  ഇന്ത്യ’ എന്ന പ്രമേയത്തിന് കീഴെ മൂന്ന് വിഭാഗങ്ങളായിരുന്നു ഉൾപ്പെടുത്തിയത്, ഓരോ തലക്കെട്ടിനു കീഴിലും നിരവധി നയപരിപാടികളും.

ഇത്തരത്തിൽ ഒരു മണിക്കൂറിനു മേൽ സമയമെടുത്ത് ‘സമൂല സാമ്പത്തിക വികസനം’ ‘കരുതലുള്ള സമൂഹം’ എന്ന തലക്കെട്ടുകളിൽ മറ്റു രണ്ടു പ്രമേയങ്ങളും ധനമന്ത്രി വിശദീകരിച്ചു.

എന്നാൽ പ്രസംഗം അവസാനിച്ചു കഴിഞ്ഞപ്പോഴേക്കും ആകെ ഏതൊക്കെ പദ്ധതികളാണ്, എത്രയൊക്കെ മേഖലകളാണ് എന്നുതന്നെ മനസിലാകാത്ത അവസ്ഥയായിരുന്നു. പ്രസംഗം മുഴുവൻ സസൂക്ഷ്മം കേൾക്കുകയും ശേഷം പ്രസംഗത്തിന്റെ ലിഖിത രൂപം വായിക്കുകയും ചെയ്ത ശേഷം പോലും ഏതെങ്കിലും ഒരു മേഖലയിലെങ്കിലും സമൂലമായ പരിഷ്‌കാരം സാധ്യമാകുന്ന ഒരൊറ്റ നിർദേശങ്ങൾ പോലും എനിക്ക് കണ്ടെത്തുവാൻ കഴിഞ്ഞില്ല. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനു സത്യത്തിൽ എന്തുപറ്റിയെന്നാണ് എന്റെ അത്ഭുതം.

അതേസമയം മറുവശത്തു ധനമന്ത്രിയുടെ അവകാശവാദങ്ങൾ നോക്കൂ:

  • 2006-2016 കാലയളവിൽ 271 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി.
  • 2022 ഓടെ കർഷക വരുമാനം ഇരട്ടിക്കും.
  • സ്വച്ഛ്‌ ഭാരത് മഹാവിജയവും രാജ്യമൊട്ടാകെ വെളിയിട വിസർജ്ജന വിമുക്തവുമാണിപ്പോൾ.
  • രാജ്യത്തെ അവസാനത്തെ വീട്ടിലും വൈദ്യുതി എത്തിച്ചു.
  • 2024 ഓടെ അഞ്ച് ട്രില്യൻ ഡോളറിന്റെ എക്കോണമി ആയി ഇന്ത്യയെ മാറ്റും.

ധനമന്ത്രിയുടെ പ്രസംഗവും ബജറ്റ് രേഖയും ഉറക്കെ വിളിച്ചു പറയുന്ന ചിലതുണ്ട്. മരണക്കിടക്കയിലെ സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ കാര്യമായെന്തെങ്കിലും ചെയ്യാൻ, സ്വകാര്യ നിക്ഷേപങ്ങൾ കാര്യക്ഷമമാക്കാൻ, തൊഴിലവസരങ്ങൾ ഉറപ്പുവരുത്താൻ ഒപ്പം ആഗോള വ്യവസായത്തിൽ സ്ഥാനം അടയാളപ്പെടുത്താൻ തങ്ങൾക്കു സാധ്യമല്ല, അല്ലെങ്കിൽ തയ്യാറല്ല എന്നാണത്.

അതിനാൽ, കാത്തിരുന്നോളൂ, വരൾച്ച മുരടിച്ച് ഊർദ്ധശ്വാസം വലിക്കുന്ന ഒരു ഇന്ത്യയെ. എനിക്കറിയാം നിങ്ങൾ ജനങ്ങൾ ഇതൊന്നുമല്ല അർഹിക്കുന്നതെന്ന്, നിർഭാഗ്യകരമെന്നു പറയട്ടെ, ഇന്നലെ നിങ്ങൾക്കു കിട്ടിയത് ഇതാണ്.

മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനം

പി. ചിദംബരം

മുൻ കേന്ദ്ര ധനമന്ത്രി, കോൺഗ്രസ് നേതാവ്

We use cookies to give you the best possible experience. Learn more