| Sunday, 28th February 2021, 9:12 am

'കേരളം മുതല്‍ അസം വരെ സവാരി ചെയ്യും, പക്ഷേ 22 കിലോമീറ്റര്‍ അപ്പുറത്തുള്ള കര്‍ഷകരെ കാണില്ല'; മോദിക്ക് കര്‍ഷകര്‍ ശത്രുക്കളെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കര്‍ഷക സമരം ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിടവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന വര്‍ഷം കാര്‍ഷിക മേഖലയ്ക്ക് കേവലം 3.9 ശതമാനം മാത്രം നീക്കിവെച്ച കേന്ദ്രത്തിന്റെ നടപടി പ്രതിഷേധിക്കുന്ന കര്‍ഷകരെ ശത്രുക്കളായി കാണുന്നതിന് തുല്യമാണെന്ന് പി.ചിദംബരം പറഞ്ഞു.

പ്രധാനമന്ത്രി കേരളം മുതല്‍ അസം വരെ യാത്രചെയ്യുമെന്നും, എന്നാല്‍ 20 കിലോമീറ്റര്‍ അപ്പുറത്ത് ദല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷകരെ കാണില്ലെന്നും പി.ചിദംബരം പറഞ്ഞു.

ഇത്രയൊക്കെയായിട്ടും കര്‍ഷകരുടെ വരുമാനം താന്‍ ഇരട്ടിയാക്കിയെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമെന്നും പി.ചിദംബരം കൂട്ടിച്ചേര്‍ത്തു. ഇതുമാത്രമല്ല ആകെ ആറു ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണ് നിലവില്‍ താങ്ങുവില ലഭിക്കുന്നുള്ളൂ എന്നിരിക്കേ എല്ലാവര്‍ക്കും താങ്ങുവില ലഭിക്കുമെന്ന് അയാള്‍ പറയുകയും ചെയ്യുമെന്ന് ചിദംബരം പറഞ്ഞു.

കര്‍ഷക സമരത്തില്‍ കേന്ദ്രം ഇതുവരെയും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വലിയ രീതിയില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.

2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില കണ്ടെത്താനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇന്ത്യന്‍ ഹൈക്കമീഷണര്‍ യു.എന്നില്‍ അവകാശപ്പെട്ടിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവകാശപ്പെട്ടിരുന്നു.
കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: P Chidambaram Criticizes Narendra Modi over Farmers Protest

We use cookies to give you the best possible experience. Learn more