'കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒട്ടു വ്യത്യസ്തമല്ല എ.എ.പി സര്‍ക്കാരും'; കനയ്യകുമാറിനെതിരെ വിചാരണയ്ക്ക് ഉത്തരവിട്ട നടപടിക്കെതിരെ പി. ചിദംബരം
national news
'കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒട്ടു വ്യത്യസ്തമല്ല എ.എ.പി സര്‍ക്കാരും'; കനയ്യകുമാറിനെതിരെ വിചാരണയ്ക്ക് ഉത്തരവിട്ട നടപടിക്കെതിരെ പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th February 2020, 11:04 am

ന്യൂദല്‍ഹി: സി.പി.ഐ നേതാവും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെതിരെവിചാരണയ്ക്ക് ഉത്തരവിട്ട ദല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം.

2016ല്‍ കനയ്യ കുമാറിനും ഒന്‍പതു പേര്‍ക്കുമെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റമാണ് അന്വേഷണം നടത്താന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

‘രാജ്യ ദ്രോഹകുറ്റത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കി വെച്ചതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ദല്‍ഹി സര്‍ക്കാരും. ഐപിസി 120 ബി, 124 എ എന്നീ വകുപ്പുകള്‍ ആരോപിച്ച് കനയ്യ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടതില്‍ ഞാന്‍ ശക്തമായി വിയോജിക്കുന്നു,’ ചിദംബരം പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യദ്രോഹ കുറ്റം ദുരുപയോഗം ചെയ്യുന്നതാണെന്ന് കാണിച്ച് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ജനുവരി 14നാണ് ദല്‍ഹി പൊലീസ് കനയ്യ കുമാറിനെതിരെ കുറ്റപത്രം ഫയല്‍ ചെയ്തത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദിനെതിരെയും അനിര്‍ബന്‍ ഭട്ടാചാര്യയുമടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ചെയതത്.

2016 ഫെബ്രുവരി 9ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു ക്യാംപസില്‍ നടത്തിയ മാര്‍ച്ചില്‍ ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016ല്‍ വസന്ത് കുഞ്ച് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2016 ഫെബ്രുവരി 12ന് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തിരുന്നു. ആ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് കനയ്യ പുറത്തിറങ്ങിയത്.