| Thursday, 29th April 2021, 3:12 pm

പാനിക് ആവേണ്ടതില്ലെന്ന് സര്‍ക്കാര്‍ പറയുന്നു, എന്നാല്‍ പിന്നെ പിക്‌നിക് പോയാലോ: പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിതീവ്ര വ്യാപനം നടക്കുമ്പോഴും ശരിയായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇപ്പോഴും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പി സര്‍ക്കാരുകളെയും ലക്ഷ്യം വെച്ചുള്ളതാണ് ചിദംബരത്തിന്റെ ട്വീറ്റ്.

‘പേടിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്, എന്നാല്‍ പിന്നെ നമുക്കൊരു വിനോദയാത്രയ്ക്ക് പോയാലോ,’ എന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് ഈ ട്വീറ്റിന് കമന്റുകളുമായെത്തിയിരിക്കുന്നത്. 2020ല്‍ ആദ്യ തരംഗം വന്നപ്പോള്‍ നമ്മളെ കുറിച്ചോര്‍ത്ത് സര്‍ക്കാര്‍ വേവലാതിപ്പെടണമായിരുന്നു. അത് ചെയ്യാതിരുന്നത് കൊണ്ടാണ് 2021ല്‍ ഈ ഗതി വന്നതെന്നാണ് ഒരു കമന്റ്.

പാത്രം കൊട്ടലും ദീപവും മയിലും രാമക്ഷേത്രവും നിയമസഭാ തെരഞ്ഞെടുപ്പുകളും ഹോളിയും കുംഭമേളയുമൊക്കെയായി കേന്ദ്രം നല്ലൊരു വിനോദയാത്ര പോയതിന്റേയാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നതെന്നും കമന്റുകളുണ്ട്.

2020ല്‍ ആര്‍.ടി – പി.സി.ആറിന്റെ കുറവേ ഉണ്ടായിരുന്നുള്ളു എങ്കില്‍ 2021 ആയപ്പോഴേക്കും വാക്‌സിനും ഓക്‌സിജനും റെംഡിസീവറും ഒന്നുമില്ലാതായെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,60,960 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,293 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,79,97,267 ആയി. രണ്ട് ലക്ഷത്തിലേറെ പേരാണ് രോഗബാധിതരായി മരിച്ചത്. നിലവില്‍ 29,78,709 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

ദല്‍ഹിയിലും ചില സംസ്ഥാനങ്ങളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓക്‌സിജനില്ലാത്തത് മൂലം ആശുപത്രികളും രോഗികളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഇതിനിടയില്‍ വാക്‌സിന്‍ വിതരണം സ്വകാര്യവത്കരിക്കുക കൂടി ചെയ്തതോടെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിന് നേരെ ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: P Chidambaram criticise central govt and bjp governments in Covid fight

We use cookies to give you the best possible experience. Learn more