| Thursday, 22nd August 2019, 9:59 am

ചിദംബരത്തിന്റെ അറസ്റ്റ് കശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍: കാര്‍ത്തി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ അറസ്റ്റ് കശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് മകന്‍ കാര്‍ത്തി ചിദംബരം. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ വിഷയത്തില്‍ നിന്നും വ്യതിചലിപ്പിക്കാനാണ് ചിദംബരത്തിന്റെ അറസ്റ്റെന്നായിരുന്നു കാര്‍ത്തിയുടെ ആരോപണം.

ചിദംബരത്തിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്നും കാര്‍ത്തി എ.എന്‍.ഐയോട് പ്രതികരിച്ചു.

ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയ നേതാവായിരുന്നു പി.ചിദംബരം. രാഷ്ട്രീയനീക്കമായിരുന്നു അതെന്നും ജമ്മുകശ്മീരില്‍ ഇത്തരമൊരു നടപടിയുടെ ആവശ്യമില്ലെന്നുമായിരുന്നു ചിദംബരത്തിന്റെ നിലപാട്.

കോണ്‍ഗ്രസിനെ തറപറ്റിക്കാനുള്ള നാടകീയമായ നീക്കമായിരുന്നു ഇതെന്നും കാര്‍ത്തി ആരോപിച്ചു.

ഇന്നലെയായിരുന്നു ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി.

തീര്‍ത്തും നാടകീയമായായിരുന്നു അറസ്റ്റ്. ചിദംബരത്തിന്റെ ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയുടെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘം അകത്തേക്ക് കടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്.

We use cookies to give you the best possible experience. Learn more