ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് അതില്‍ നിന്നും നേട്ടമുണ്ടാക്കാത്ത ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്നാണ് ചിദംബരം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അതിന്റെ നേട്ടം കൊയ്യാത്ത ഒരേ ഒരു രാജ്യം ഇന്ത്യയാണെന്ന് തോന്നുന്നു. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുമ്പോള്‍ 21 ദിവസം കൊണ്ട് കൊവിഡിനെ തോല്‍പ്പിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണം,’ ചിദംബരം ട്വീറ്റ് ചെയ്തു.
സെപ്തംബര്‍ അവസാനമാകുമ്പോഴേക്കും രാജ്യത്തെ കൊവിഡ് രോഗികളുടെ നിരക്ക് 65 ലക്ഷം കടക്കുമെന്നും ചിദംബരം പറഞ്ഞു.
‘സെപ്തംബര്‍ 30നകം 55 ലക്ഷം കേസുകള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ എനിക്ക് തെറ്റ് പറ്റി. സെപ്തംബര്‍ 20 ആകുന്നത് വരെ കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷമായി ഉയരും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞിട്ടുണ്ട്. 40,23,179 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
എട്ട് ലക്ഷത്തിലധികം പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 31,07223 പേരാണ് രോഗമുക്തരായത്.
കണ്ടെയിന്‍മെന്റ് സോണുകളിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഐ.സി.എം.ആറിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക