അന്ന് 15 ലക്ഷം അക്കൗണ്ടിലിടുമെന്ന് പറഞ്ഞു, ഇന്ന് കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില തരുമെന്നും; മോദി കര്‍ഷകരോട് കള്ളം പറയുന്നത് നിര്‍ത്തണമെന്ന് ചിദംബരം
national news
അന്ന് 15 ലക്ഷം അക്കൗണ്ടിലിടുമെന്ന് പറഞ്ഞു, ഇന്ന് കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില തരുമെന്നും; മോദി കര്‍ഷകരോട് കള്ളം പറയുന്നത് നിര്‍ത്തണമെന്ന് ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 10:26 am

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കാര്‍ഷിക ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ഇടപാടുകളിലൂടെ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന് പറയുന്നത് ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞത് പോലെയാണെന്നും ചിദംബരം പറഞ്ഞു.

‘കര്‍ഷകരോട് കള്ളം പറയുന്നതും കര്‍ഷകര്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നതും കേന്ദ്രം ഇനിയെങ്കിലും നിര്‍ത്തണം.

സ്വകാര്യ ഇടപാടുകളില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞ പോലെയാണ്,’ ചിദംബരം ട്വീറ്റ് ചെയ്തു.

നിലവിലെ സാഹചര്യമനുസരിച്ച് ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ദിവസവും സ്വകാര്യ ഇടപാടുകള്‍ നടക്കുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് മിനിമം താങ്ങു വില നല്‍കാന്‍ കഴിയുക? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്വകാര്യ ഇടപാടുകാരന്‍ കര്‍ഷകന് മിനിമം താങ്ങു വില നല്‍കാന്‍ കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.

കര്‍ഷകന് താങ്ങു വില നല്‍കുമെന്ന് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും വാഗ്ദാനം ചെയ്തത് എങ്ങനെയാണ് നടപ്പാക്കുകയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും മിനിമം താങ്ങുവില കര്‍ഷകന് വാഗ്ദാനം ചെയ്തുവെന്ന് പറയുന്നു. അതെങ്ങനെയാണെന്ന് ഞങ്ങളോട് വ്യക്തമാക്കണം.

ഏത് കര്‍ഷകന്‍ ഏത് ഉത്പന്നം ആര്‍ക്കാണ് വിറ്റതെന്ന് ഇവിടെയുള്ള സര്‍ക്കാര്‍ എങ്ങനെയാണ് അറിയുക,’ ചിദംബരം ട്വീറ്റില്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.

ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം, തൃണമൂല്‍ എം.പിയായ ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P. Chidambaram against Modi Government who passed farmers bill in Rajyasabha