ന്യൂദല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ വൈസ് ചാന്‍സിലര്‍ മമിദാല ജഗദേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
ജെ.എന്‍.യു കാമ്പസില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞതൊക്കെ മറന്ന് വിദ്യാര്‍ത്ഥികള്‍ കാമ്പസിലേക്ക് വരണമെന്ന വി.സി എം. ജഗദേഷ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വി.സി.യെ പരിഹസിച്ച് ചിദംബരം രംഗത്തെത്തിയത്. ജെ.എന്‍.യു വി.സി ഒരു കഴിഞ്ഞകാലമാണെന്നാണ് ചിദംബരം പറഞ്ഞത്.
” ജെ.എന്‍.യുവിന്റെ വി.സി വിദ്യാര്‍ത്ഥികളോട് കഴിഞ്ഞതൊക്കെ മറക്കാന്‍ ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം ആദ്യം അദ്ദേഹം തന്നെ പിന്തുടരട്ടെ. അദ്ദേഹം ഒരു കഴിഞ്ഞകലാമാണ്. അദ്ദേഹം ജെ.എന്‍.യു വിട്ടുപോകണം.”,ചിദംബരം ട്വീറ്റ് ചെയ്തു.
ജെ.എന്‍.യുവില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും ജെ.എന്‍.യു കാമ്പസ് ഒരു സുരക്ഷിത സ്ഥലമാണെന്നും കഴിഞ്ഞതൊക്കെ മറന്ന് വിദ്യാര്‍ത്ഥികളോടും കാമ്പസിലേക്ക് മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ജഗദേഷ് കുമാര്‍ പറഞ്ഞിരുന്നു.
വൈസ് ചാന്‍സിലര്‍ ജഗദേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ രംഗത്തെത്തിയിരുന്നു.
The VC of JNU wants students to “put the past behind”. He should follow his advice. He is the past. He should leave JNU.
ചട്ടവിരുദ്ധ നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കുന്ന ഭീരുവാണ് വൈസ് ചാന്‍സിലറെന്നാണ് സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞത്. വി.സി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച ശേഷം പിന്നീട് ജെ.എന്‍.യു വില്‍ പൈശാചികമായ അവസ്ഥ ഉണ്ടാക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.