തിരുവനന്തപുരം: കോൺഗ്രസ് പ്രകടനപത്രികയിൽ നിന്ന് സി.എ. എ സംബന്ധിച്ച പരാമർശം ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന് പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷൻ പി.ചിദംബരം. പ്രകടനപത്രികയുടെ നീളം കൂടുമെന്നതിനാലാണ് സി.എ.എ ഒഴിവാക്കിയത് വിശദീകരണം.
തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് ചിദംബരം ഈ കാര്യം വ്യക്തമാക്കിയത്. പത്രികയുടെ കരടിൽ സി.എ.എ ഉണ്ടായിരുന്നുവെന്നും പിന്നീട് വെട്ടിയതാണെന്നും കഴിഞ്ഞദിവസം ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് പി. ചിദംബരത്തിന്റെ വാക്കുകൾ.
മോദി സർക്കാർ 50 ഓളം ജനവിരുദ്ധ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്നും അവയെക്കുറിച്ച് പറയാൻ 46 പേജ് മതിയാകില്ലെന്നും ചിദംബരം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവയെ മൊത്തത്തിൽ 22 പേജിലെ ആദ്യ ഖണ്ഡികയിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യ കൂട്ടായ്മ അധികാരത്തിൽ എത്തിയാൽ പിൻവലിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചിദംബരം പറഞ്ഞു. അധികാരത്തിൽ എത്തിയാൽ റദ്ദാക്കുന്ന മറ്റു നിയമങ്ങളുടെ പട്ടിക പുറത്തു വിടാനും പി.ചിദംബരം തയ്യാറായില്ല.
പാർലമെന്റിൽ പരിശോധനയോ ചർച്ചയോ കൂടാതെ പാസാക്കിയ മറ്റു പല നിയമങ്ങളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയപ്പോഴാണ് നീളം കൂടുമെന്ന പേരിൽ സി.എ.എ ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കോൺഗ്രസ് നേതാക്കൾ സി.എ.എ പരാമർശിക്കുന്നില്ല.
മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് ബോധപൂർവ്വമാണ് സി.എ.എ ഒഴിവാക്കിയതെന്ന ആരോപണം ശക്തമാണ്. പി. ചിദംബരത്തിന്റെ വാക്കുകൾ ഇക്കാര്യം ശരിവെക്കുന്നു. പ്രകടനപത്രികക്കെതിരെ കേരളത്തിലെ യു.ഡി.എഫ് അണികൾ ഉൾപ്പെടെ ഉയർന്ന രോഷം തണുപ്പിക്കാൻ കേരളത്തിൽ മാത്രം വിഷയം പരാമർശിക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
എല്ലാ ഇന്ത്യക്കാർക്കും നിയമത്തിനു മുന്നിൽ സമത്വവും നിയമപരമായ പരിരക്ഷയും ഉറപ്പു നൽകുന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമാണ് പൗരത്വനിർണയത്തിന് മതം അടിസ്ഥാനമാക്കുന്ന സി.എ.എ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ മുസ്‌ലീങ്ങൾ ഒഴികെയുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പാർലമെന്റിൽ ഈ നിയമനിർമാണത്തെ ശക്തമായി എതിർക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല.
Content Highlight: P. Chidambaram admitted that the Citizenship Amendment Act was deliberately omitted from the Congress manifesto