എന്‍.ഡി.എ വിട്ട പി.സി തോമസ് വിഭാഗം യു.ഡി.എഫിലേക്ക്; പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കും
Kerala News
എന്‍.ഡി.എ വിട്ട പി.സി തോമസ് വിഭാഗം യു.ഡി.എഫിലേക്ക്; പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th March 2021, 8:39 am

കൊച്ചി: എന്‍.ഡി.എ വിട്ട കേരള കോണ്‍ഗ്രസിലെ പി.സി തോമസ് വിഭാഗം യു.ഡി.എഫ് മുന്നണിയില്‍ ചേരുന്നു. തോമസ് വിഭാഗം പി.ജെ ജോസഫ് വിഭാഗവുമായി ലയിച്ചുകൊണ്ടാണ് യു.ഡി.എഫിലെത്തുന്നത്.

ലയനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.സി തോമസ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

നിലവില്‍ പി.സി തോമസിന്റെ കോരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ ചിഹ്നം കസേരയാണ്. ജോസഫ് വിഭാവുമായുള്ള ലയനത്തിന് ശേഷം സൈക്കിള്‍ ചിഹ്നത്തിലേക്ക് മാറും. പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

ലയനം പൂര്‍ത്തിയായാല്‍ പി.ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പി.സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമാകുമെന്നാണ് വിവരങ്ങള്‍. ഇരു നേതാക്കളും ലയനത്തില്‍ ധാരണയിലെത്തുന്നതിനായി നിരവധി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്‍.ഡി.എ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പി.സി തോമസ് മുന്നണി വിടുന്നത്. എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യത്തെ എം.പിയാണ് പി.സി തോമസ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.സി തോമസിന് ബി.ജെ.പി ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നും മറ്റു തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനത്തില്‍ പാര്‍ട്ടിയെ അവഗണിച്ചുവെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇത് പി.സി തോമസ് വിഭാഗവും ബി.ജെ.പിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നാണ് വിലയിരുത്തലുകള്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: P C Thomas will join P J Joseph’s Kerala Congress and UDF