| Tuesday, 2nd October 2018, 11:01 pm

എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല: പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


അതേസമയം, വനിതാ പൊലീസുമായി ശബരിമലയിലേക്ക് പിണറായി സര്‍ക്കാര്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അന്തിമ വിധി വരും മുമ്പ് ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തിയിരുന്നു.

കൂടാതെ സുപ്രീംകോടതി വിധി നടപ്പാക്കല്‍ പിണറായി സര്‍ക്കാരിന് എളുപ്പമാവില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ പിന്‍മാറുന്നതായിരിക്കും സര്‍ക്കാരിനു നല്ലതെന്നും അല്ലെങ്കില്‍ വിശ്വാസികളുടെ രോഷാഗ്‌നിയില്‍ ഈ സര്‍ക്കാരും സി.പി.ഐ.എമ്മും ചാമ്പലാവുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയം ഉന്നയിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നിരുന്നു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം പാലക്കാട് ജില്ലകളില്‍ റോഡ് ഉപരോധിച്ചു. പത്തനംതിട്ടയില്‍ പന്തളത്ത് അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ചു.


പമ്പയില്‍ ഭക്തര്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുതറോഡില്‍ ഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കോയമ്പത്തൂര്‍ തൃശൂര്‍ പാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ആലപ്പുഴയില്‍ റോഡുപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

We use cookies to give you the best possible experience. Learn more