കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്മേല്‍ പ്രതികരണവുമായി പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. ബിഷപ്പിനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.
ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സംബന്ധിച്ച് തന്റെ വിശ്വാസികള്‍ക്ക് താക്കീത് നല്‍കിയതിന്റെ പേരില്‍ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് പ്രകടനം നടത്തുന്നവര്‍ താലിബാനിസ്റ്റുകളാണെന്നും അവരെ നിയന്ത്രിക്കേണ്ടതും അറസ്റ്റ് ചെയ്യേണ്ടതും സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചര്‍ച്ചകളെ വഴിതിരിച്ച് വിടാനുള്ള ഗൂഢശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പി.സി. കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളെ ആരും മുസ്‌ലിമായി മാറ്റിയിട്ടില്ലെന്നും അവര്‍ ഹിന്ദു മതത്തിലേക്കാണ് പോകുന്നതെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പി.സി. പറഞ്ഞു.
‘ഏത് ക്രിസ്ത്യാനികളാണ് ഹിന്ദു മതത്തിലേക്ക് പോയത്? ഹിന്ദുക്കളാണല്ലോ ക്രിസ്ത്യാനികള്‍ സത്യത്തില്‍. അവര്‍ കണ്‍വേര്‍ട്ട് ചെയ്തവരല്ലേ.’ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടാത്തത് കൊണ്ടാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ എത്തിയ എസ്.സി എസ്.ടി വിഭാഗക്കാര്‍ തിരിച്ച് ഹിന്ദു മതത്തിലേക്ക് പോകുന്നതെന്നും അത് മതപരിവര്‍ത്തനമല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
‘എസ്.സി വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ ജീവിക്കാന്‍ വേണ്ടിയാണ് ഹിന്ദുമതത്തിലേക്ക് പോകുന്നത്. പോകട്ടെ. ഇനിയും പോകണമെന്നാണ് എന്റെ അഭിപ്രായം. ഇതും പൊക്കിപ്പിടിച്ച് ഇവിടെ ലവ് ജിഹാദില്ല, ക്രിസ്ത്യാനികള്‍ മുസ്‌ലിം മതത്തിലേക്ക് പോകുന്നില്ല എന്ന് പറയരുത്. അങ്ങനെ പോകുന്നുണ്ട് എന്നതിന് ആധികാരികമായ തെളിവുകളുണ്ട്.’ പി.സി. കൂട്ടിച്ചേര്‍ത്തു.
തന്നെ ക്രിസംഘി എന്ന് സമൂഹമാധ്യമങ്ങള്‍ വിളിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും വാര്‍ത്താസമ്മേളനത്തില്‍ പി.സി. ജോര്‍ജ് മറുപടി നല്‍കി. അങ്ങനെ വിളിക്കുന്നവര്‍ അവരുടെ പിതാക്കന്മാരെ സന്തോഷത്തോടെ വിളിക്കുന്ന പേരാണ് തന്നേയും വിളിക്കുന്നതെന്ന് തമാശരൂപേണ വ്യക്തമാക്കി. അങ്ങനെ വിളിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പിന്നീട് കൂട്ടിച്ചേര്‍ത്തു.