| Thursday, 15th October 2020, 12:56 pm

'പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍.ഡി.എയില്‍ ചേരാനാഗ്രഹിക്കുന്നു, യു.ഡി.എഫില്‍ ചേരാന്‍ ഞാനും'; നിലപാട് ഉടനെന്ന് പി.സി ജോര്‍ജ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍.ഡി.എയ്‌ക്കൊപ്പം ചേരാനാഗ്രഹിക്കുന്നതായി കേരള ജനപക്ഷം (സെക്യുലര്‍) നേതാവും എം.എല്‍.എയുമായ പി. സി ജോര്‍ജ്. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു പി. സി ജോര്‍ജിന്റെ പ്രതികരണം.

നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇതില്‍ തീരുമാനം എടുക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും യു.ഡി.എഫിലേക്ക് പോകാനാഗ്രഹിക്കുമ്പോഴും ഒരു വിഭാഗം എന്‍.ഡി.എയിലേക്ക് തിരിച്ച് പോകാനാണ് ആഗ്രഹിക്കുന്നതെന്നും പി. സി ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഏത് നിലപാട് സ്വീകരിക്കുമെന്നതില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പൂഞ്ഞാറില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രബലമായ ഇരു മുന്നണികളെയും നേരിട്ട് സ്വതന്ത്രമായാണ് താന്‍ വിജയിച്ചതെന്നും മറ്റു ഭീഷണികളൊന്നുമില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

അതേസമയം കേരള കോണ്‍ഗ്രസ് എത്രകാലം ഇടതുപക്ഷത്തോടൊപ്പം തുടരുമെന്ന് കണ്ടറിയണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ജോസ് വിഭാഗത്തിലെ വലിയൊരു വിഭാഗം ആളുകളും യു.ഡി.എഫ് മാനസികാവസ്ഥ ഉള്ളവാരണെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

ജോസ് കെ. മാണിയ്ക്ക് എത്രകാലം അവരുടെ സ്വന്തം അണികളെയും നേതാക്കളെയും പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോസ് ഇടത് മുന്നണിയിലേക്ക് പോയത് താത്കാലികമായി ഇരു വിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും എന്നാല്‍ ഇതിന്റെ നിലനില്‍പ്പ് സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നും പി. സി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി മുന്നണിമാറ്റം പ്രഖ്യാപിക്കുന്നത്.

‘ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും,’ എന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.

യു.ഡി.എഫ് കെ. എം മാണിയെ അപമാനിക്കുകയാണ്. മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കും.

ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P. C George says he is interested to work again with UDF while a group is interested in NDA

We use cookies to give you the best possible experience. Learn more