| Monday, 3rd May 2021, 3:30 pm

'പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്ക് എതിരായിരുന്നു'; 20,000 വോട്ടുകള്‍ക്കെങ്കിലും ജയിക്കുമെന്നാണ് കരുതിയതെന്ന് പി. സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പൂഞ്ഞാറില്‍ 20,000ത്തില്‍പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്ന് കേരള ജനപക്ഷം സ്ഥാനാര്‍ത്ഥി പി. സി ജോര്‍ജ്. പരാജയത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് വിശദമായി പഠിക്കാതെ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

‘ബൂത്ത് കമ്മിറ്റിയില്‍ വിളിച്ചപ്പോഴൊക്കെ അറിയാന്‍ കഴിഞ്ഞത് 20,000ലധികം ഭൂരിപക്ഷം കിട്ടുമെന്നാണ്. ബൂത്ത് പ്രസിഡന്റുമാര്‍ തന്ന ലിസ്റ്റിലും അങ്ങനെ തന്നെയാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ അഞ്ച് പഞ്ചായത്തിലും ദയനീയമായിരുന്നു വോട്ടുനില,’ പി. സി ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം തനിക്കെതിരായിരുന്നുവെന്നും എട്ടായിരത്തോളം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന കണക്കുകൂട്ടല്‍ തെറ്റിയില്ലെന്നും പി. സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളിയിലെ അഞ്ചു താലൂക്കിലും വലിയ വോട്ടു ചോര്‍ച്ചയാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിലെ അഞ്ച് താലൂക്കില്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റി പോയെന്നും അദ്ദേഹം വിശദീകരിച്ചു.

പിണറായിയുടെ നേട്ടമാണ് എല്‍.ഡി.എഫ് വിജയത്തിന് കാരണമെന്ന് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് മുന്നണിയ്ക്കും എതിരായി ഒറ്റയ്ക്ക് മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്തെത്തിച്ച പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാര് എന്ന് നോക്കിയാണ് ജനം വോട്ടു ചെയ്തത്. അത് തനിക്ക് അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലത്തും ചെന്നപ്പോള്‍ ഞാന്‍ എല്‍.ഡി.എഫിനേ വോട്ട് ചെയ്യൂ എന്ന് ചിലരൊക്കെ പറഞ്ഞു. കണ്ണുകാണാത്ത അമ്മച്ചി വരെ പറഞ്ഞു. എല്‍.ഡി.എഫിനാണ് വോട്ട് ചെയ്യുന്നതെന്ന്. പി. സി ജോര്‍ജ് ആണെന്ന് പറഞ്ഞപ്പോള്‍ മിണ്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

11,404 വോട്ടിനാണ് പി.സി ജോര്‍ജ് തോറ്റത്. എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കുലാണ് ഇവിടെ ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാണിയ്ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ച വെക്കാനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, സൗകര്യമുള്ളവര്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ ഈ പ്രസ്താവന വെച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: P C George says about poonjar people and his failure

We use cookies to give you the best possible experience. Learn more