| Sunday, 8th August 2021, 10:40 pm

അയിഷ ബീവിയോട് ഒപ്പന പാടാന്‍ പറയാമല്ലോ, എന്തിനാ അവിടെ ഉണ്ണിമായ; മണിയറയിലെ അശോകനിലെ പാട്ടിനെതിരെയും പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഈശോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തീവ്രവര്‍ഗീയ പരാമര്‍ശങ്ങളുമായി പി.സി. ജോര്‍ജ് വീണ്ടും. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ ഒരു പാട്ടിനെതിരെയാണ് ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്നു തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പി.സി. ജോര്‍ജ് സംസാരിച്ചത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ പേര് ഒരു ഹിന്ദുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ പി.സി. ജോര്‍ജ് പാട്ടിലെ രണ്ടാമത്തെ വരിയില്‍ ‘തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതിയതിനെതിരെയാണ് സംസാരിച്ചത്.

‘ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്. ആ സ്ത്രീയോട് ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ എന്താണ് മനുഷ്യന്‍ മനസിലാക്കേണ്ടത്. ഇതൊക്കെ ചര്‍ച്ച നടക്കുകയാണ് ഇപ്പോള്‍.

അത് എഴുതിയത് ഷിഹാബ് ആണ്. പാട്ടിന്റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നൊക്കെ പറയുമായിരിക്കും. ‘മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ? അതൊക്കെയാ കുഴപ്പം,’ പി.സി. ജോര്‍ജ് പറഞ്ഞു.

ഈശോ സിനിമയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് പി.സി. ജോര്‍ജിന്റെ പരാമര്‍ശം.

പി.സി. ജോര്‍ജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എം.എല്‍.എ സ്ഥാനം പോയതിന് പിന്നാലെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള കളികളാണിതൊക്കെ എന്നാണ് പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് കമന്റുകളില്‍ പറയുന്നത്.

എഴുതിയവനോ പാടിയവനോ അഭിനയിച്ചവനോ പോലുമറിയാത്ത അര്‍ത്ഥതലങ്ങളാണല്ലോ ജോര്‍ജ് സാര്‍ കണ്ടുപിടിക്കുന്നതെന്നും ചിലര്‍ പറഞ്ഞു. ഒന്നു എണീച്ചു പോടോ എന്നും നിരവധി പേര്‍ ആവര്‍ത്തിച്ച് കമന്റ് ചെയ്യുന്നുണ്ട്.

‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജ് നേരത്തെ ഉയര്‍ത്തിയ ഭീഷണി. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

‘ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക.

മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികള്‍ കിട്ടികൊണ്ടിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തില്‍ വലിയ സാംസ്‌കാരികമൂല്യങ്ങള്‍ക്ക് വില കല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. ഇത് അനീതിയാണ്.

നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലീം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല.

ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എം.എല്‍.എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം.

ഈ പേരില്‍ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയേറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും,’ എന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

ഈശോ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കെ.സി.ബി.സിയും രംഗത്തുവന്നിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണം. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നാണ് കെ.സി.ബി.സി വക്താവായ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞത്.

സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തും.

ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.

ചില രൂക്ഷ പ്രതികരണങ്ങള്‍ വന്നെങ്കിലും സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്ന് നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.

നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: P C George’s hatred comment against Maniyarayil Ashokan movie song

Latest Stories

We use cookies to give you the best possible experience. Learn more