കോഴിക്കോട്: സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ നിര്യാണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ ‘അബദ്ധ’ പ്രതികരണത്തെക്കുറിച്ച് സംസാരിച്ച് പി.സി. ജോര്‍ജ്. കെ.ജി. ജോര്‍ജിന് പകരം കെ. സുധാകരന് ആളുമാറി എന്ന തരത്തിലുള്ള സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുമ്പോഴാണ് പി.സി. ജോര്‍ജ് വിഷയത്തില്‍ പ്രതികരിക്കുന്നത്.
താന്‍ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ പോലൊരു മാന്യനായ ഒരാളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പി.സി. ജോര്‍ജ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദുഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങിവന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരന്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കരുത്,’ പി.സി. ജോര്‍ജ് പറഞ്ഞു.
സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ നിര്യാണത്തില്‍ കെ. സുധാകരന്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വൈറലായിരുന്നു. കെ.ജി. ജോര്‍ജിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നല്ലൊരു പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു. കഴിവും പ്രാപ്തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും മോശം അഭിപ്രായമില്ല. സഹതാപമുണ്ട്,’ എന്നായിരുന്നു സുധാകരന്റെ മറുപടി.
Content Highlight: P.C. George reaction on K Sudhakaran’s responds about K. G. George’s death